ആഡംബരവാസം: കണ്ണൂര്‍ ജയിലില്‍നിന്ന്‌ നിഷാമിനെ പൂജപ്പുരയിലേക്കു മാറ്റി

Published on: 9:43am Wed 27 Dec 2017

A- A A+

കണ്ണൂര്‍, തൃശൂര്‍ സെന്‍ട്രല്‍ ജയിലുകളിലെ ഉന്നതരുമായി നിഷാമിനു വഴിവിട്ട ബന്ധമുണ്ടെന്നായിരുന്നു ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌.

തിരുവനന്തപുരം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേകസൗകര്യങ്ങള്‍ ലഭിച്ചിരുന്ന ചന്ദ്രബോസ്‌ വധക്കേസ്‌ പ്രതി മുഹമ്മദ്‌ നിഷാമിനെ പൂജപ്പുര ജയിലിലേക്കു മാറ്റി. നിഷാമും കണ്ണൂര്‍ ജയിലിലെ ചില ജീവനക്കാരും തമ്മിലുള്ള അവിഹിത ഇടപാടിനെക്കുറിച്ച്‌ ജയില്‍ ഡി.ജി.പി: ആര്‍. ശ്രീലേഖയ്‌ക്ക്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ ലഭിച്ചതിനേത്തുടര്‍ന്നാണു നടപടി.

കണ്ണൂര്‍, തൃശൂര്‍ സെന്‍ട്രല്‍ ജയിലുകളിലെ ഉന്നതരുമായി നിഷാമിനു വഴിവിട്ട ബന്ധമുണ്ടെന്നായിരുന്നു ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. തുടര്‍ന്നു ജയില്‍ മേധാവി ആര്‍. ശ്രീലേഖ നേരിട്ടു നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യം സ്‌ഥിരീകരിക്കുകയും നിഷാമിനെ അടിയന്തരമായി പൂജപ്പുര ജയിലിലേക്കു മാറ്റാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

ജയിലില്‍ നിഷാം സ്‌മാര്‍ട്ട്‌ ഫോണുകള്‍ ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. പ്രത്യേകഭക്ഷണവും ഏര്‍പ്പാടാക്കിയിരുന്നു. ജയിലില്‍ പ്രത്യേകസൗകര്യങ്ങള്‍ ലഭിക്കുന്നതിനായി ഇയാള്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു. തടവില്‍ കഴിയവേ നിഷാം സ്വത്തുതര്‍ക്കത്തില്‍ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയതായി ജയില്‍ മേധാവിക്കു പരാതി ലഭിച്ചിരുന്നു.

നിഷാമുമായി അടുത്തബന്ധം പുലര്‍ത്തിയ ജയില്‍ ഉദ്യോഗസ്‌ഥരെക്കുറിച്ച്‌ വകുപ്പുതല അന്വേഷണത്തിനും ഡി.ജി.പി: ശ്രീലേഖ ഉത്തരവിട്ടിട്ടുണ്ട്‌. നിഷാമിനെ ഇന്നലെ കനത്ത പോലീസ്‌ കാവലില്‍ പൂജപ്പുര ജയിലിലെത്തിച്ചു. ബീഡി വ്യവസായത്തിലൂടെ കോടികള്‍ സമ്പാദിച്ച നിഷാം 2015 ജനുവരി 15-നു പുലര്‍ച്ചെ മൂന്നോടെയാണു തൃശൂര്‍ ശോഭാ സിറ്റിയിലെ സുരക്ഷാജീവനക്കാരന്‍ ചന്ദ്രബോസിനെ ആഡംബരക്കാര്‍ ഇടിപ്പിച്ചു കൊലപ്പെടുത്തിയത്‌.

കേസില്‍ 79 ദിവസത്തെ വിചാരണയ്‌ക്കൊടുവിലാണു ശിക്ഷ വിധിച്ചത്‌. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതായി സംശയം തോന്നിയതോടെ നിഷാമിനെ നിരീക്ഷിക്കാന്‍ ജയില്‍ ആസ്‌ഥാനത്തുനിന്നു നിര്‍ദേശിച്ചു. തടവില്‍ കഴിയവേ സഹോദരന്‍മാരുമായുണ്ടായ സ്വത്തുതര്‍ക്കങ്ങളും വിവാദമായി. ജയിലിലെ ഫോണ്‍ വിളിയെക്കുറിച്ചും സഹോദരങ്ങളാണു പോലീസില്‍ പരാതിപ്പെട്ടത്‌. നിഷാമിനുവേണ്ടി അധോലോകത്തലവന്‍ രവി പൂജാരി പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയതും വിവാദമായിരുന്നു.

ജയിലിലെ ഒരു ഉന്നതോദ്യോഗസ്‌ഥനുമായി നിഷാമിനു രഹസ്യബന്ധമുണ്ടെന്നു സഹതടവുകാര്‍തന്നെ ആരോപിച്ചിരുന്നു. 5000 കോടിയോളം രൂപയുടെ സമ്പത്തിനുടമയാണു നിഷാമെന്നാണു സൂചന. 70 കോടി രൂപ വിലമതിക്കുന്ന ഇരുപതിലേറെ ആഡംബരവാഹനങ്ങളാണു നിഷാമിനുണ്ടായിരുന്നത്‌. മകനെ സ്‌കൂളില്‍ കൊണ്ടുപോകാന്‍ മാത്രം ഫെരാരി കാറാണ്‌ ഉപയോഗിച്ചിരുന്നത്‌. ഗള്‍ഫ്‌ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചും നിഷാമിന്‌ ഒട്ടേറെ ബിസിനസുകളുണ്ടായിരുന്നു.