എന്‍.എന്‍ പിള്ളയാകാന്‍ തയ്യാറെടുത്ത് നിവിന്‍ പോളി

Published on: 3:39pm Thu 12 Oct 2017

A- A A+

E4 എന്റര്‍ടൈന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വര്ഷം ആരംഭിക്കും

പ്രശസ്ത നാടകാചാര്യനും സ്വാതന്ത്ര്യ സമര സേനാനിയുമായ എന്‍ എന്‍ പിള്ളയുടെ ജീവിതം സിനിമയാകുന്നു. 'കമ്മട്ടിപാട'ത്തിനുശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനമായ ബുധനാഴ്ച്ച രാജീവ് രവി ഫേസ്ബുക്കിലൂടെയാണ് പ്രൊജക്റ്റ് പ്രഖ്യാപിച്ചത്. 

രാജീവ് രവിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം,

 

'ഇയ്യോബിന്റെ പുസ്തകം' ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ച ഗോപന്‍ ചിദംബരമാണ് തിരക്കഥ. ഛായാഗ്രഹണം മധു നീലകണ്ഠന്‍. E4 എന്റര്‍ടൈന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. 

മലയാള നാടക വേദിയുടെ ആചാര്യന്‍മാരില്‍ ഒരാളായിരുന്നു എന്‍. എന്‍. പിള്ള. ജനപ്രീതി നേടിയ ഇരുപത്തെട്ടു നാടകങ്ങളും 40 ഏകാങ്കനാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 1991ല്‍ സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത 'ഗോഡ്ഫാദര്‍' എന്ന സിനിമയില്‍ 'അഞ്ഞൂറാന്‍' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു  ചലച്ചിത്ര രംഗത്തേക്കുള്ള  അരങ്ങേറ്റം. 'അഞ്ഞൂറാന്‍' എന്ന കഥാപാത്രം എക്കാലവും മലയാളികളുടെ മനസ്സില്‍ നില്‍ക്കുന്നതാണ്.  തുടര്‍ന്ന് 'നാടോടി' എന്ന ചിത്രത്തിലും അഭിനയിച്ചു. നടന്‍ വിജയരാഘവന്‍ മകനാണ്. 1995 നവംബര്‍ 15 നായിരുന്നു എന്‍.എന്‍ പിള്ളയുടെ അന്ത്യം.