കുത്തിയിരിപ്പ് സമരം വിജയിച്ചു : വിശാലിന് ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കാം 

Published on: 9:29pm Tue 05 Dec 2017

A- A A+

തന്നെ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തിയെന്നാണ് വിശാല്‍ ആരോപിച്ചത്

ചെന്നൈ : കുത്തിയിരിപ്പ് സമരത്തിനൊടുവില്‍ വിശാലിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു.  പിന്തുണച്ചവരില്‍ രണ്ടു പേരുടെ ഒപ്പു വ്യാജമെന്നു കാട്ടി നേരത്തെ തെരെഞ്ഞടുപ്പ് കമ്മീഷന്‍ അദ്ദേഹത്തിന്റെ പത്രിക തള്ളിയിരുന്നു. നാമനിര്‍ദേശ പത്രിക തള്ളിയതിനെ തുടര്‍ന്ന് വിശാല്‍ റിട്ടേണിങ്ങ് ഓഫീസറുടെ ഓഫീസിന് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തി.പത്രിക തള്ളിയതില്‍ ക്ഷുഭിതനായും പൊട്ടിക്കരഞ്ഞും താരം മാധ്യമങ്ങള്‍ക്കു മുന്നില്‍ സംസാരിച്ചിരുന്നു. തന്നെ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തിയെന്നാണ് വിശാല്‍ ആരോപിച്ചത്.

ഇതിനെ തുടര്‍ന്ന് താരത്തെയും അനുനായികളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് വ്യാജ ഒപ്പ് ഭീഷണിപ്പെടുത്തി ചെയ്യിച്ചതാണെന്ന ഫോണ്‍ സംഭാഷണം താരം പുറത്തുവിട്ടു. ഇതിന് ശേഷമാണ്‌ പത്രിക സ്വീകരിച്ചത്.മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന മണ്ഡലമാണ് ആര്‍.കെ.നഗര്‍. തമിഴ്നാട്ടിലെ  പ്രധാന പാര്‍ട്ടികളുടെ ഒന്നും പിന്തുണ തേടാതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുവാനായിരുന്നു വിശാല്‍ തീരുമാനിച്ചിരുന്നത്.

ഒരിക്കലും രാഷ്ട്രീയക്കാരനാകുവാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും തനിക്ക് സാധാരണക്കാരനായാല്‍ മതിയെന്നും നടന്‍ നേരത്തെ പറഞ്ഞിരുന്നു. തനിക്ക് ആര്‍.കെ.നഗറിന്റെ ശബ്ദമാകണമെന്നും മുഴുനീള  രാഷ്ട്രീയ പ്രവര്‍ത്തകനാകാനല്ല, ജനങ്ങളുടെ പ്രതിനിധിയാവാനാണ് ആഗ്രഹിക്കുന്നതെന്നും വിശാല്‍ വ്യക്തമാക്കിയിരുന്നു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!