ഒരു മണിക്കൂര്‍ മുന്‍പെങ്കിലും അവര്‍ എത്തിയിരുന്നെങ്കില്‍ ഞങ്ങളുടെ പപ്പ..വാക്കുകള്‍ മുറിഞ്ഞ് ഓഖി ഇരയുടെ മകന്‍

Published on: 2:22pm Thu 07 Dec 2017

A- A A+

കടലമ്മേ കാക്കണേ എന്ന് പറഞ്ഞു പൂഴിമണ്ണില്‍ തൊട്ടുതൊഴുത്  കടലിലേക്ക് ഇറങ്ങിച്ചെന്ന ആരോഗ്യദാസ് തിരിച്ചുവന്നത് ചലനമറ്റാണ്.

ഓഖി ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടങ്ങളുടെ കണക്കെടുപ്പുകള്‍ പൂര്‍ത്തിയാകുന്നു. നഷ്ടപരിഹാരത്തുക ഉടന്‍ നല്‍കുമെന്ന് സര്‍ക്കാറും വ്യക്തമാക്കി. പക്ഷെ വിവാദങ്ങള്‍ ഉയരുന്നത് പോലെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തന്നെയുണ്ടായ ഒരു വീഴ്ച മൂലം ഒരു കുടുംബത്തിന് വന്ന നഷ്ടം നികത്തുവാന്‍ ആര്‍ക്കു കഴിയും ? പറഞ്ഞു വരുന്നത് ഓഖി ദുരന്തത്തില്‍ മരണമടഞ്ഞ പൂന്തുറ സ്വദേശി ആരോഗ്യദാസിന്റെ കുടുംബത്തിന്റെ കാര്യമാണ്. 

കടലമ്മേ കാക്കണേ എന്ന് പറഞ്ഞു പൂഴിമണ്ണില്‍ തൊട്ടുതൊഴുത്  കടലിലേക്ക് ഇറങ്ങിച്ചെന്ന ആരോഗ്യദാസ് തിരിച്ചുവന്നത് ചലനമറ്റാണ്. ഭാര്യയും മൂന്നു മക്കളും നാല് കൊച്ചുമക്കളുമുള്ള കുടുംബത്തിന്റെ നട്ടെല്ല് തന്നെയായിരുന്നു ഈ 57 കാരന്‍.

നവംബര്‍ 29 നാണ് പൂന്തുറയില്‍ നിന്ന് ആരോഗ്യദാസും മറ്റു 13 മത്സ്യത്തൊഴിലാളികളും കടലിലേക്ക് പോയത്. ശാന്തമായ കടല്‍ കണ്ട് പോയവര്‍ക്ക് കടലമ്മ കാത്തുവെച്ചത് പക്ഷെ മറ്റൊന്നായിരുന്നു. മത്സ്യത്തൊഴിലാളികളുടെ തിരച്ചിലില്‍ നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് 71  നോട്ടിക്കല്‍ മൈല്‍ അകലത്തില്‍ ആരോഗ്യദാസിന്റെ മൃതദേഹം കണ്ടെത്തിയത്.

എന്നാല്‍ ആരോഗ്യദാസിന്റെ കുടുംബത്തിന് പറയാനുള്ളത് മറ്റൊരു കാര്യമായിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെന്ന് സര്‍ക്കാര്‍ തുടരെ തുടരെ പറയുന്നുണ്ടെങ്കിലും തങ്ങളുടെ ഏക ആശ്രയം തന്നെ നഷ്ടപ്പെട്ട ആരോഗ്യദാസിന്റെ കുടുംബം അത് അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. 'പപ്പയെ എടുക്കുമ്പോള്‍ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു എന്നായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞത്. ഈ രക്ഷാപ്രവര്‍ത്തനം നടത്തുന്നു എന്ന് പറയുന്നവര്‍ ഒരു മണിക്കൂര്‍ മുന്‍പ് ചെന്നിരുന്നെങ്കില്‍ ഞങ്ങളുടെ പപ്പ' ഇടറിയ സ്വരത്തില്‍ വാക്കുകള്‍ മുഴുവിക്കാനാകാതെയാണ് മംഗളം വെബ് ടീമിനോട് അദ്ദേഹത്തിന്റെ മകന്‍ സുരേഷ് പ്രതികരിച്ചത്. 

മൂന്നു ദിവസം ഭക്ഷണമില്ലാതെ കുടിക്കാന്‍ ഒരു തുള്ളി വെള്ളമില്ലാതെ ജീവിതത്തോട് മല്ലടിച്ച ആരോഗ്യദാസ് ആരെങ്കിലും തന്നെ രക്ഷിച്ചിരുന്നുവെങ്കില്‍ എന്ന് ആശിച്ചിരിക്കാം. ഓരോ ആളുകളെ രക്ഷിച്ചുവെന്നു വാര്‍ത്തകേള്‍ക്കുമ്പോഴും ഇദ്ദേഹത്തിൻ്റെ മക്കള്‍ ഓടിചെല്ലുമായിരുന്നു അവിടെ തങ്ങളുടെ പപ്പയുണ്ടോയെന്നറിയാന്‍. കടലിനെ ജീവനായി സ്‌നേഹിച്ച പപ്പ തിരിച്ചുവരും എന്ന വിശ്വാസത്തോടെ തന്നെയായിരുന്നു കുളച്ചിലിലും കൊച്ചിയിലും കൊണ്ടുവന്ന മൃതദേഹങ്ങളില്‍ തങ്ങളുടെ പപ്പയുണ്ടോയെന്നവര്‍ നിറകണ്ണുകളോടെ നോക്കിയിരുന്നതും. പക്ഷെ വിശ്വാസം അവരെ കാത്തില്ല. സുരേഷ് തന്നെ പറഞ്ഞത് പോലെ ഒരു മണിക്കൂര്‍ മുന്നെ രക്ഷാപ്രവര്‍ത്തകര്‍ എത്തിയിരുന്നുവെങ്കില്‍ ഒരുപക്ഷെ ആരോഗ്യദാസ് ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു.