ഒരു അഡാര്‍ ലൗവ് പാട്ടിനെതിരായ വിവാദങ്ങള്‍ വേദനിപ്പിച്ചുവെന്ന് ഒമര്‍ ലുലു

Published on: 9:08pm Wed 14 Feb 2018

A- A A+

വിവാദം വേദനിപ്പിക്കുന്നതാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു

ഒരു അഡാര്‍ ലൗവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം സര്‍വ റെക്കോര്‍ഡുകളും ഭേദിച്ച്‌ മുന്നേറുകയാണ്. അതേസമയം തന്നെ ഈ ഗാനത്തിനെതിരെ വിമര്‍ശനങ്ങളും തലപൊക്കി തുടങ്ങി. പാട്ട് മുസ്ലീം മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നാണ് പ്രധാന വിമര്‍ശനം. ഈ ആരോപണം ഉന്നയിച്ച്‌ ഒരു സംഘം ചെറുപ്പക്കാര്‍ നല്‍കിയ പരാതിയില്‍ ഹൈദരാബാദ് പോലീസ് കേസെടുക്കുകയും ചെയ്തു.

എന്നാല്‍ വിവാദം വേദനിപ്പിക്കുന്നതാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു. പ്രവാചക നിന്ദ എന്ന വാദം തെറ്റാണെന്ന് ഒമര്‍ ലുലു പറഞ്ഞു. വിവാദത്തെ നിയമപരമായി നേരിടുമെന്നും പാട്ടിന് വന്‍ സ്വീകാര്യത ലഭിച്ച സമയത്ത് വന്ന കേസ് വേദനിപ്പിക്കുന്നതാണെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു. യുവാക്കളുടെ പരാതിയില്‍ ഒമര്‍ ലുലു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ 295എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പാട്ടിലെ വരികള്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചാണ് ഒരു സംഘം പരാതി നല്‍കിയത്. അതേമസയം യുവാക്കളുടെ പരാതി പ്രശസ്തി നേടാനുള്ള കുറുക്കു വഴിയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

അതേസമയം പാട്ടിനെതിരായ മതമൗലിക വാദികളുടെ വാദങ്ങള്‍ ഞെട്ടിക്കുന്നതാമെന്ന് എഴുത്തുകാരനും അധ്യാപകനുമായ എം.എന്‍ കാരശേരി പറഞ്ഞു. പ്രവാചകന്‍ മുഹമ്മദിന്റേയും ഖദീജാ ബീവിയുടേയും പ്രണയവും വിവാഹവുമാണ് ഗാനത്തില്‍ പറയുന്നത്. ഇത് ഇസ്ലാം മതവിശ്വാസത്തെ ഹനിക്കുന്നതാണെന്ന വാദം ഞെട്ടലുളവാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!