സര്‍ക്കാര്‍ ഇടപെട്ടു, ഏകദിനം കാര്യവട്ടത്തേക്ക്; കെ.സി.എയില്‍ തത്വത്തില്‍ തീരുമാനം

Published on: 12:03pm Thu 22 Mar 2018

A- A A+

സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്ന് കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ് അറിയിച്ചു

തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍​ (കെ.സി.എ)യില്‍ തത്വത്തില്‍ തീരുമാനം. ഇക്കാര്യത്തില്‍ ശനിയാഴ്ച ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. ഫുട്ബോള്‍ പ്രേമികളുടെ ആവശ്യം പരിഗണിച്ച്‌ കൊച്ചിയില്‍ നിന്ന് ക്രിക്കറ്റ് മത്സരം മാറ്റണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്ന് കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ് അറിയിച്ചു.

കളി എവിടെ നടത്തണമെന്നതില്‍ തര്‍ക്കം ഉയര്‍ന്നതോടെ കെ.സി.എ പ്രതിനിധികള്‍ കായികമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാര്യവട്ടത്തേക്ക് മാറ്റാന്‍ തീരുമാനമായത്. നവംബര്‍ ഒന്നിനാണ് ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനം ആരംഭിക്കുന്നത്.

കാര്യവട്ടം സ്റ്റേഡിയം ക്രിക്കറ്റ് മത്സരത്തിനായി പരിഷ്കരിക്കേണ്ടി വരുന്നത് വലിയ സാമ്ബത്തിക ചെലവിന് ഇടയാക്കുമെന്നും കെ.സി.എ പറഞ്ഞു. ക്രിക്കറ്റ് തിരുവനന്തപുരത്തേക്ക് മാത്രമായി മാറ്റുന്നത് ശരിയല്ല. എങ്കിലും കെ.സി.എ സര്‍ക്കാരിന്റെ അഭിപ്രായത്തെ മാനിക്കുന്നുവെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു.

ഐ.എസ്.എല്‍ മത്സരത്തിന്റെ പശ്ചാത്താലത്തില്‍ കൊച്ചി രാജ്യാന്തര സ്റ്റേഡിയം ഫുട്ബോള്‍ മത്സരത്തിന് അനുയോജ്യമായ വിധത്തില്‍ ക്രമീകരിച്ചിരുന്നു. ക്രിക്കറ്റ് മത്സരത്തിനായ ഗ്രൗണ്ട് ഉപയോഗിക്കുന്നതോടെ ഫുട്ബോള്‍ മത്സരത്തിന് കഴിയാതെ വരുമെന്ന് ഫുട്ബോള്‍ പ്രേമികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!