കുതിച്ചുയരുന്ന വിലയില്‍ സവാളയും ചെറിയ ഉള്ളിയും

Published on: 10:54am Thu 07 Dec 2017

A- A A+

സവാള ഉല്‍പാദനത്തില്‍ മൂന്നാം സ്ഥാനത്തുളള മധ്യപ്രദേശിലെ പാടങ്ങളില്‍ വെള്ളം കയറിയതും ഖാരിഫ് സീസണില്‍ സവാളക്യഷി കര്‍ഷകര്‍ ഉപേക്ഷിച്ചതുമാണ് ഉത്തരേന്ത്യന്‍ വിപണിയിലെ പ്രതിസന്ധിക്കു കാരണം

ചെന്നൈ: സവാളയ്ക്കും ചെറിയ ഉള്ളിക്കും വില കുതിക്കുന്നു. ചെറിയ ഉള്ളി കിലോയ്ക്ക് 150 ആയിരുന്നത് 170 മുതല്‍ 180 വരെ ആയാണ് ഉയര്‍ന്നിരിക്കുന്നത്. ചെറുകിട വില്‍പ്പന 200ന് മുകളില്‍ എത്തി. സവാളയ്ക്ക് ഒരുമാസം മുന്‍പ് വരെ 25 മുതല്‍ 35 വരെ ആയിരുന്നു വില ഇപ്പോള്‍ 45 വരെയായി. ചെറുകിടവില്‍പ്പന 60 വരെ എത്തി. തമിഴ്‌നാട്ടില്‍ നിന്ന്  എത്തിയിരുന്ന ചെറിയ ഉള്ളിയുടെ ലോഡ് ഗണ്യമായി കുറഞ്ഞതും അപ്രതീക്ഷിതമായ മഴ കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിലെ സവാള ഉല്‍പാദനത്തിന് തിരിച്ചടിയായതുമാണ് വിലവര്‍ദ്ധനവിനിടയാക്കിയതെന്ന് കച്ചവടക്കാര്‍ പറയുന്നു. 

സവാള ഉല്‍പാദനത്തില്‍ മൂന്നാം സ്ഥാനത്തുളള മധ്യപ്രദേശിലെ പാടങ്ങളില്‍ വെള്ളം കയറിയതും ഖാരിഫ് സീസണില്‍ സവാളക്യഷി കര്‍ഷകര്‍ ഉപേക്ഷിച്ചതുമാണ് ഉത്തരേന്ത്യന്‍ വിപണിയിലെ പ്രതിസന്ധിക്കു കാരണം. അതേസമയം വിപണിയിലെ ലഭ്യതക്കുറവ് ഒഴിവാക്കാന്‍ 2000 ടണ്‍ സവാള ഇറക്കുമതി ചെയ്യാനൊരുങ്ങുകയാണ് സംഭരണ ഏജന്‍സിയായ എം.എം.ടി.സി. ഇത്തരത്തില്‍ ഇറക്കുമതി ചെയ്യുന്ന സവാളയ്ക്ക് കയറ്റുമതി കുറയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ഗ്വാളിയാര്‍, മഹാരാഷ്ട്രയിലെ നാസിക്, രാജസ്ഥാനിലെ അല്‍വര്‍ എന്നിവിടങ്ങളില്‍ പ്രത്യേക സംഭരണ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുമെന്ന് ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന്‍ നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ഖാരിഫ് സീസണ്‍ അവസാനിച്ചിട്ടും ഇക്കാര്യത്തില്‍ യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 


 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!