ഈജിപ്തിലും ടുണീഷ്യയിലും പാകിസ്താനിലും വരെ പാട്ടും കണ്ണിറുക്കലും വൈറല്‍ ; അത്ഭുതലോകത്തെത്തിയ ആലീസിനെപ്പോലെ അന്തംവിട്ട് പ്രിയ

Published on: 9:19am Thu 15 Feb 2018

A- A A+

പ്രിയയുടെ കണ്ണിറുക്കലും പുരികം വളയ്ക്കലുമാണ് ലോകയുവത്വത്തിന്റെ മനംകവര്‍ന്നത്

തൃശൂര്‍: "എനിക്കു ഭ്രാന്തായതാണോ അതേ നാട്ടുകാര്‍ക്കു മൊത്തം ഭ്രാന്തായതാണോ" എന്ന സലീം കുമാറിന്റെ ക്ലാസിക് തമാശ ഡയലോഗായിരിക്കണം പ്രിയ പ്രകാശ് വാര്യര്‍ എന്ന തൃശൂര്‍ പൂങ്കുന്നം സ്വദേശി സുന്ദരിയുടെ മനസിലിപ്പോള്‍. അത്ഭുതലോകത്തെത്തിയ ആലീസിനെപ്പോലെ അന്തംവിട്ടിരിക്കുകയാണ് പ്രിയ, ഒന്നിരുട്ടിവെളുത്തപ്പോള്‍ ലഭിച്ച അസാധാരണപ്രശസ്തിയെ നോക്കി. കേരളത്തിലും ഇന്ത്യയിലും മാത്രമല്ല, ഈജിപ്തിലും ടുണീഷ്യയിലും പാകിസ്താനിലും വരെ പ്രിയയുടെ കണ്ണിറുക്കല്‍ വൈറലോടു വൈറലാണ്.

ഇന്ത്യയുടെ വാലന്റൈന്‍സ് ദിന ഐക്കണായിവരെയാണ് ഈ തൃശൂര്‍ വിമലാ കോളജിലെ ഈ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് എന്ന സിനിമയുടെ പ്രചാരണത്തിനായി യുട്യൂബില്‍ റിലീസ് ചെയ്ത മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെയാണ് പ്രിയ ലോകത്തൊരു പുതുമുഖ അഭിനേതാവും നേടാത്ത ശ്രദ്ധ നേടുന്നത്. പ്രിയയുടെ കണ്ണിറുക്കലും പുരികം വളയ്ക്കലുമാണ് ലോകയുവത്വത്തിന്റെ മനംകവര്‍ന്നത്.

" ജീവിതം ഒരൊറ്റ ദിവസം കൊണ്ട്, ഒരൊറ്റ സീന്‍ കൊണ്ട് മാറിമറിഞ്ഞു. ഒരു ദിവസം കൊണ്ട് ഇത്രയൊക്കെ സംഭവിക്കുമെന്ന് ഞാന്‍ കരുതിയില്ല. പാട്ട് പുറത്തിറങ്ങിയത് മുതല്‍ ഒരുപാട് പേര്‍ എന്നെ വിളിച്ച്‌ അഭിനന്ദിച്ചു. വലിയ സന്തോഷം തോന്നി. ഒരുപാട് മെസേജുകള്‍ വരുന്നുണ്ട്. എല്ലാവരോടും നന്ദിയുണ്ട്. ഭയങ്കര എക്സൈറ്റഡാണ് ഞാന്‍" -എന്നാണ് പ്രിയവാര്യര്‍ അഭിപ്രായപ്പെട്ടത്.

സിനിമയും മോഡലിങ്ങും ഇഷ്ടപ്പെടുന്ന പ്രിയ കപ്പ ടിവിയില്‍ ഒരു പ്രോഗ്രാം ചെയ്തിരുന്നു. പ്രിയയ്ക്കൊപ്പം നായകനായ റോഷനും തരംഗമായി. എല്ലാം ഒമറിക്കയുടെ കഴിവ് എന്നാണ് റോഷന്‍ അബ്ദുള്‍ റഹൂഫിന്റെ അഭിപ്രായം. പുരികം ഉയര്‍ത്തിയുള്ള എക്സ്പ്രഷന്‍ അത് ഇത്ര പെര്‍ഫക്ടായി വരുമെന്നോ ഇത്ര ഹിറ്റാവുമെന്നോ വിചാരിച്ചില്ലെന്നും റോഷന്‍ പറയുന്നു. റോഷന്‍ ഗുരുവായൂര്‍ ഐ.സി.ജെ. കോളജില്‍ ബി.സി.എ. വിദ്യാര്‍ഥിയാണ്.

ഫോട്ടോഷെയറിങ് സാമൂഹികമാധ്യമായ ഇന്‍സ്റ്റാഗ്രാമില്‍ 19 ലക്ഷം ഫോളോവേഴ്സുമായി ദുല്‍ഖര്‍ സല്‍മാനായിരുന്നു മലയാളത്തിലെ സെലിബ്രിറ്റികളില്‍ ഒന്നാമത്. എന്നാല്‍ ഈ പാട്ടിറങ്ങി നാലുദിവസം കൊണ്ട് 21 ലക്ഷം ഫോളോവേഴ്സിനെ നിമിഷങ്ങള്‍ക്കുള്ളില്‍ പ്രിയ ഒന്നാമതെത്തി. അതും വീണ്ടും മുന്നോട്ടുകുതിച്ചുകൊണ്ടിരിക്കുകകയാണ്. സണ്ണി ലിയോണിനെയും ദീപിക പദുക്കോണിനെയും പിന്നിലാക്കിയാണ് പ്രിയയുടെ കുതിപ്പ്. തൃശൂര്‍ സ്വദേശിനിയായ പ്രിയ വിമല കോളജിലാണ് പഠിക്കുന്നത്. പാകിസ്താനി മാധ്യമങ്ങളില്‍ പോലും ഗാനവും പ്രിയാ വാര്യരും ചര്‍ച്ചാവിഷയമായിരുന്നു. പാകിസ്താനി എന്റര്‍ടെയ്നേഴ്സ് പോലുള്ള ഫെയ്സ്ബുക്ക് ഗ്രൂപ്പുകള്‍ പ്രിയയെ ഏറ്റെടുത്തുകഴിഞ്ഞു. അവള്‍ നിങ്ങളുടെ ഹൃദയത്തെ അലിയിച്ചുകളയും എന്നാണ് പാക്കിസ്താനി എന്റര്‍ടെയ്നേഴ്സ് ഈ പുതിയ താരത്തെ പരിചയപ്പെടുത്തുന്നത്. നാഷണല്‍ ക്രഷ് ഓഫ് ഇന്ത്യ എന്നു പോലും പ്രിയയെക്കുറിച്ച്‌ റിപ്പോര്‍ട്ട് വന്നിരുന്നു.

ഫോട്ടോകള്‍ക്ക് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ പതിനായിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് വന്നു കൊണ്ടിരിക്കുന്നത്. ദുല്‍ക്കര്‍ സല്‍മാനോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച പോസ്റ്റിനും മിനുറ്റുകള്‍ക്കകം മൂന്നരലക്ഷത്തിലേറെ ലൈക്ക് കിട്ടി. പാട്ടിലെ രംഗങ്ങള്‍ കോര്‍ത്തിണക്കി പഴയ ഹിറ്റ് പ്രണയഗാനങ്ങള്‍, റീമിക്സ് വിഡിയോകള്‍ എന്നിവ ചേര്‍ത്തുള്ള ട്രോളുകളും നിരവധി.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!