കശ്മീര്‍ വിഷയം പാകിസ്താന്‍ യു.എന്നില്‍ ഉന്നയിച്ചു

Published on: 5:15pm Wed 07 Feb 2018

A- A A+

പാകിസ്താന്റെ സ്ഥിരം പ്രതിനിധിയായ മലീഹ ലോധിയാണ് വിഷയം ചൊവ്വാഴ്ച സമിതിയില്‍ അവതരിപ്പിച്ചത്

ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയം ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയില്‍ ഉന്നയിച്ച്‌ പാകിസ്താന്‍. പ്രമേയങ്ങളുടെ നടപ്പാക്കലില്‍ സമിതിക്ക് 'തെരഞ്ഞെടുപ്പുണ്ടെന്നും' പാകിസ്താന്‍ കുറ്റപ്പെടുത്തി. എന്നാല്‍ തെരഞ്ഞെടുത്തുള്ള നടപ്പാക്കല്‍ സമിതിയുടെ വിശ്വാസ്യതയെ ദുര്‍ബ്ബലമാകുന്നില്ലെന്നും പാകിസ്താന്‍ പ്രതിനിധി പറഞ്ഞു. പാകിസ്താന്റെ സ്ഥിരം പ്രതിനിധിയായ മലീഹ ലോധിയാണ് വിഷയം ചൊവ്വാഴ്ച സമിതിയില്‍ അവതരിപ്പിച്ചത്.

പ്രമേയങ്ങളുടെ നിര്‍വഹണം രക്ഷാസമിതി കാലോചിതമായി പുനപരിശോധിക്കണം. പ്രത്യേകിച്ച്‌, ജമ്മു കശ്മീര്‍ തര്‍ക്കം പോലെ ദീര്‍ഘകാലമായി തുടരുന്ന വിഷയങ്ങളില്‍. പ്രമേയങ്ങള്‍ നടപ്പാക്കുന്നതിലുള്ള വീഴ്ച രക്ഷാസമിതിയുടെ നിലനില്‍പ്പിനെ മാത്രമല്ല, യു.എന്നിനെ തന്നെ ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കശ്മീരിന്റെ ഭാവി സംബന്ധിച്ച്‌ ജനഹിത പരിശോധന ആവശ്യപ്പെടുന്ന 1948ലെ പ്രമേയം മനസ്സില്‍വച്ചുകൊണ്ടായിരുന്നു അവരുടെ പ്രസംഗം. പ്രമേയത്തിന് പുറമേ ഇരുരാജ്യങ്ങളും തമ്മിലുള്ള അനുരഞ്ജനത്തിന് 1957ല്‍ യു.എന്‍ പ്രതിനിധികള്‍ ഇടപെടലും നടത്തിയിരുന്നു. പ്രമേയത്തില്‍ പറഞ്ഞപോലെ , പാകിസ്താന്‍ കശ്മീരില്‍ നിന്ന് പിന്മാറാന്‍ തയ്യാറാകാതെ വന്നതോടെ ജനഹിത പരിശോധന എന്ന ആവശ്യം ഇന്ത്യ നിരസിക്കുകയും സംസ്ഥാനത്ത് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് തുടരുകയുമാണ്.

അതേസമയം, 1972ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും പാക് പ്രസിഡന്റായിരുന്ന സുള്‍ഫിക്കര്‍ അലി ഭൂട്ടോയും കശ്മീര്‍ വിഷയത്തില്‍ ധാരണയില്‍ എത്തിയിരുന്നു. തര്‍ക്ക പരിഹാരത്തിന് മൂന്നാമതൊരു കക്ഷിയെ ഉള്‍പ്പെടുത്തേണ്ട എന്നതായിരുന്നു ധാരണ. 2010ല്‍ അപരിഹാര്യമായ രാജ്യന്തര തര്‍ക്കങ്ങളുടെ പട്ടികയില്‍ നിന്ന് കശ്മീരിലെ രക്ഷാസമിതി ഒഴിവാക്കുകയും ചെയ്തിരുന്നു. എങ്കിലും എല്ലാ വര്‍ഷവും തുടക്കത്തില്‍ ചേരുന്ന രക്ഷാസമിതി യോഗത്തില്‍ ഇത്തരം ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്ന പതിവ് പാകിസ്താന്‍ തുടര്‍ന്നു പോരുകയാണ്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!