അമേരിക്കയുടെ വിരട്ടല്‍ ഫലിച്ചു; ഹാഫീസ് സെയ്ദിനും ഭീകര സംഘടനകള്‍ക്കുമെതിരെ നിരോധനം കടുപ്പിച്ച്‌ പാകിസ്താന്‍

Published on: 11:33am Tue 13 Feb 2018

A- A A+

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രസിഡന്റ് പുതുക്കിയ ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചതെങ്കിലും തിങ്കളാഴ്ചയാണ് വിജ്ഞാപനമായി പുറത്തുവന്നത്

ഇസ്ലാമാബാദ്: ഭീകരവാദത്തിനെതിരായ അമേരിക്കയുടെ സമ്മര്‍ദ്ദത്തിനു മുന്നില്‍ പാകിസ്താന്‍ വഴങ്ങി. ജമാഅത്ത് ഉദ്ദവയ്ക്കും സംഘടനയുടെ മേധാവി ഹാഫീസ് സെയ്ദിനും മറ്റ് ഭീകര സംഘടനകള്‍ക്കുമെതിരായ നിരോധനം പാകിസ്താന്‍ കടുപ്പിച്ചു. മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരനായ സെയ്ദിനെയും മറ്റുള്ളവരെയും ഭീകരരായി പ്രഖ്യാപിച്ചുള്ള 'ആന്റി ടെററിസ്റ്റ് ആക്‌ട്' ഓര്‍ഡിനന്‍സ് പാകിസ്താന്‍ പ്രസിഡന്റ് മാമൂണ്‍ ഹുസൈന്‍ ദേഭഗതി വരുത്തി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര സഭ ഭീകരായി പ്രഖ്യാപിച്ച എല്ലാ നേതാക്കളെയും സംഘടനകളെയും പുതുക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫലഹ്- ഇന്‍സാനിയത് ഫൗണ്ടേഷന്‍, ലഷ്കറെ തോയിബ, ഹര്‍കത്തുള്‍ മുജാഹിദ്ദീന്‍ തുടങ്ങി 27 സംഘടനകളെയാണ് യു.എന്‍ സരക്ഷാസമിതിയുടെ നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെ എല്ലാം പാകിസ്താനും നിരോധിച്ചിട്ടുണ്ട്. ഇതോടെ ഈ സംഘടനകളുടെ പ്രവര്‍ത്തനം മരവിപ്പിക്കപ്പെടും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രസിഡന്റ് പുതുക്കിയ ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചതെങ്കിലും തിങ്കളാഴ്ചയാണ് വിജ്ഞാപനമായി പുറത്തുവന്നത്. പാകിസ്താനി മാധ്യമമായ 'ഡോണ്‍' ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ സാമ്ബത്തിക സഹായം മരവിപ്പിക്കുമെന്ന അമേരിക്കയുടെയും ഇന്ത്യയുടെയും ഭീഷണിക്കു മുന്നില്‍ പാകിസ്താന്‍ വഴങ്ങിയെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭീകര സംഘടനകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മടിച്ചതിന്റെ പേരില്‍ ജനുവരിയില്‍ അമേരിക്ക പാകിസ്താനുള്ള 200 കോടി ഡോളറിന്റെ സൈനിക സഹായം മരവിപ്പിച്ചിരുന്നു. പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിലായിരിക്കണം തിങ്കളാഴ്ച പാകിസ്താന് 256 മില്യണ്‍ ഡോളറിന്റെ സിവിലിയന്‍ സഹായത്തിനും 80മില്യണ്‍ ഡോളറിന്റെ സൈനിക സഹായത്തിനും പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ശിപാര്‍ശ നല്‍കിയിരുന്നു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!