കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം ഉയര്‍ത്തുന്നു; കുറഞ്ഞ വേതനം 26,000 ആക്കിയേക്കും

Published on: 4:42pm Tue 27 Feb 2018

A- A A+

ഈ നിര്‍ദേശം അംഗീകരിച്ചാല്‍ ഏറ്റവും കുറഞ്ഞ ബേസിക് പേ 18,000 രൂപയില്‍ നിന്ന് 26,000 ആയി ഉയരും

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം ഉയര്‍ത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. 50 ലക്ഷത്തോളം വരുന്ന ജീവനക്കാരുടെ അടിസ്ഥാന ശമ്ബളം 'ബേസിക് പേ' നിശ്ചയിക്കുന്നതിനുള്ള ഘടകം 'ഫിറ്റ്മെന്റ് ഫാക്ടര്‍' ഉയര്‍ത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. ഈ നിര്‍ദേശം അംഗീകരിച്ചാല്‍ ഏറ്റവും കുറഞ്ഞ ബേസിക് പേ 18,000 രൂപയില്‍ നിന്ന് 26,000 ആയി ഉയരും.

നിലവില്‍ 2.57 ഇരട്ടിയായ ഫിറ്റ്മെന്റ് ഫാക്ടര്‍ 3.68 ഇരട്ടിയാക്കുന്നതിനാണ് നിര്‍ദേശം വന്നിരിക്കുന്നത്. ഇതനുസരിച്ചു മറ്റു അടിസ്ഥാന ശമ്പളം നിരക്കുകളും കാര്യമായ തോതില്‍ ഉയരും.

ജീവനക്കാരുടെ ശമ്പളം ഉയര്‍ത്തുന്നതിന് ഏഴാം ശമ്പള പരിഷ്കരണ കമ്മീഷന്‍ സ്വീകരിച്ച ഫോര്‍മുലയാണ് ഫിറ്റ്മെന്റ് ഫാക്ടര്‍. ഇതനുസരിച്ചു അന്ന് നിലവില്‍ ഉണ്ടായിരുന്ന അടിസ്ഥാന ശമ്പളം 2.57 ഇരട്ടി വര്‍ധിപ്പിച്ചാണ് പുതിയ ബേസിക് പേ നിശ്ചയിച്ചത്. അത് 3.68 ഇരട്ടിയാക്കി ഉയര്‍ത്തുന്നതിനാണ് പുതിയ നീക്കം.

വരുന്ന സാമ്പത്തിക വര്‍ഷം ആദ്യം തന്നെ ഈ നിര്‍ദേശം കേന്ദ്ര കാബിനറ്റിന്റെ പരിഗണനയ്ക്ക് വരുമെന്നാണ് മുംബയിലെ ഡിഎന്‍എ പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനു അംഗീകാരമായാല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ വേതനം ഡി എ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ചേര്‍ത്ത് 35,000 രൂപക്ക് മുകളില്‍ വരും.