വിവാഹത്തിനെത്തുന്ന സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീലമാക്കി പ്രചരിപ്പിച്ച ഫോട്ടോഗ്രാഫര്‍ക്കെതിരെ കൂടുതല്‍ ഇരകള്‍ രംഗത്ത്

Published on: 10:09am Wed 28 Mar 2018

A- A A+

കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌കില്‍ നിന്ന് 41000ത്തോളം ചിത്രങ്ങള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു

വടകര: വിവാഹത്തിനെത്തുന്ന സ്ത്രീകളുടെ ഫോട്ടോയെടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിക്കുന്ന സംഭവത്തില്‍ ഒരു സ്ത്രീ കൂടി പരാതിയുമായെത്തി. കൂടുതല്‍ പേരുടെ ചിത്രങ്ങളുള്‍പ്പെട്ടിട്ടുള്ളതായി നാട്ടുകാര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും എല്ലാവരും പരാതി നല്‍കിയിട്ടില്ല. വടകര പുതിയ സ്റ്റാന്റിലെ സദയം ഷൂട്ട് ആന്‍ഡ് എഡിറ്റ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ബിബീഷാണ് ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തത്. ഇയാളുടെ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌കില്‍ നിന്ന് 41000ത്തോളം ചിത്രങ്ങള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

എല്ലാ ചിത്രങ്ങളും ഇത്തരത്തില്‍ മോര്‍ഫിങ് നടത്തിയതാണോ എന്ന് വ്യക്തമല്ല. സ്ഥാപനത്തിന്റെ ഉടമ മലോല്‍മുക്ക് സ്വദേശിയാണ്. ഇവരുടെ ബന്ധംവെച്ച്‌ ഈ പ്രദേശത്തെ ഒട്ടേറെ വിവാഹങ്ങളുടെ വീഡിയോ ചിത്രീകരണം ഈ സ്ഥാപനം നടത്തിയിട്ടുണ്ട്. ഈ പ്രദേശത്തുകാരുടെ ചിത്രങ്ങളാണ് ദുരുപയോഗം ചെയ്തതും. വിവാഹവീട്ടിലെയും ഇവിടെ വന്നവരുടെയുമെല്ലാം ചിത്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയമുയര്‍ന്നതോടെ പ്രദേശത്തെ സ്ത്രീകള്‍ തിങ്കളാഴ്ച പ്രതിഷേധകൂട്ടായ്മ നടത്തിയിരുന്നു.

ഇതില്‍ ശക്തമായ പ്രതിഷേധമാണുയര്‍ന്നത്. നാട്ടുകാരെ മൊത്തം ആശങ്കയില്‍ നിര്‍ത്തുന്ന കാര്യങ്ങളാണ് നടക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. കേസെടുത്ത് മൂന്നുദിവസം കഴിഞ്ഞിട്ടും ബിബീഷിനെക്കുറിച്ച്‌ സൂചനകളൊന്നുമില്ല. ഹാര്‍ഡ് ഡിസ്‌കിലെ ചിത്രങ്ങള്‍ ഇയാള്‍ മറ്റെവിടെയെങ്കിലും സൂക്ഷിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെ വ്യക്തമാകണമെങ്കില്‍ ഇയാളെ പിടികൂടേണ്ടത് അത്യാവശ്യമാണ്. ജനങ്ങളുടെ ആശങ്ക ദുരീകരിക്കാനും ഇത് അനിവാര്യമാണ്. വടകര വനിതാ സി.ഐ. ഭാനുമതിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിനായി പ്രത്യേകസംഘം രൂപവത്കരിച്ചിട്ടുണ്ട്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!