ഓഖി: നടുക്കം വിട്ടുമാറാതെ പൂന്തുറ 

Published on: 2:37pm Thu 07 Dec 2017

A- A A+

ഇനിയൊരിക്കലും കടലിലേക്കില്ലെന്നു ഉറപ്പിച്ചിരിക്കുകയാണ് പൂന്തുറ സ്വദേശികള്‍.

കടല്‍ ശാന്തമായിത്തുടങ്ങുന്നു. പേമാരി തോര്‍ന്നു വെയിലടിച്ചു തുടങ്ങുന്നു എന്നിട്ടും പൂന്തുറക്കാര്‍ക്കു കണ്ണുനീരൊഴിഞ്ഞിട്ടില്ല.വീശിയടിച്ച ചുഴലിക്കാറ്റ് കൊണ്ടുപോയത് കരയിലെ നാല് ജീവനുകളെയാണ്. തിരിച്ചുവരാന്‍ 29 പേരും. അവരിനി തിരിച്ചുവരുമെന്ന പ്രതീക്ഷ മങ്ങിത്തുടങ്ങിയിരിക്കുന്നു ഇവര്‍ക്ക്.ഏതെങ്കിലുമൊരു കരയിലവര്‍ എത്തിയിരുന്നുവെങ്കില്‍ എങ്ങനെയെങ്കിലും തങ്ങളുടെ വീടുകളിലേക്ക് അവര്‍ വിളിച്ചേനെ എന്നിവര്‍ക്കറിയാം.എങ്കിലും ഒരു പ്രതീക്ഷ. കടല്‍കൊണ്ടുപോയെങ്കില്‍ ജീവനറ്റ ശരീരം കണ്ണില്‍ കാണുംവരെ പ്രിയപ്പെട്ടവര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷ.

ഇനിയൊരിക്കലും കടലിലേക്കില്ലെന്നു ഉറപ്പിച്ചിരിക്കുകയാണ് പൂന്തുറ സ്വദേശികള്‍. പട്ടിണി കിടക്കേണ്ടി വന്നാലും സാരമില്ല ഇനി ഞങ്ങളുടെ ആണുങ്ങളെ കടലിലേക്ക് വിടില്ലെന്ന് സ്ത്രീ ജനങ്ങള്‍ പറയുമ്പോള്‍ നിറകണ്ണുകളോടെ മാത്രമേ കടലിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഇവിടുത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് കടലിലേക്ക് നോക്കുവാനാകൂ. തങ്ങളുടെ സഹോദരങ്ങളെ വിഴുങ്ങിയ കടലിനെ പഴയതുപോലെ എങ്ങനെ സ്‌നേഹിക്കുമെന്നാണ് ഒരു കൂട്ടം ആളുകള്‍ ചോദിക്കുന്നത്. 

ശോകം തളം കെട്ടി നില്‍ക്കുന്ന പൂന്തുറയിലെ സെന്റ്.തോമസ് പള്ളിയില്‍ ഇന്നും നിര്‍ത്താതെ പ്രാര്‍ഥനമാണി മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. മരിച്ചവര്‍ക്കായി ഇനിയും തിരിച്ചു വരാത്തവര്‍ക്ക് വേണ്ടി, തിരിച്ചു വന്നിട്ടും ആശുപത്രിക്കിടക്കയില്‍ വേദന സഹിക്കുന്നവര്‍ക്കായി.