ഞങ്ങള്‍ക്ക് ഒരു താക്കീതും  തന്നില്ല: സര്‍ക്കാര്‍ വാദം തള്ളി പൂന്തുറ നിവാസികള്‍ 

Published on: 2:51pm Thu 07 Dec 2017

A- A A+

ഓഖി ദുരന്തത്തില്‍ പൂന്തുറയില്‍ നിന്നുള്ള നാല് മത്സ്യത്തൊഴിലാളികളാണ് മരണപ്പെട്ടത്. 29 പേരെക്കുറിച്ച് ഇതുവരെ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടുമില്ല.


തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് ജനങ്ങള്‍. ഓഖി ദുരന്തം കൂടുതല്‍ രൂക്ഷമായി ബാധിച്ച പൂന്തുറ മേഖലയിലെ ജനങ്ങളാണ് ആപത് മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നുവെന്ന സര്‍ക്കാര്‍ വാദത്തെ ശക്തമായി എതിര്‍ത്ത് രംഗത്ത് വന്നിരിക്കുന്നത്. ഓഖി കൊടുങ്കാറ്റു വരുമെന്ന് മുന്നറിയിപ്പ് സമയത്തു കൊടുത്തുവെന്നും കൊടുത്തില്ലായെന്നുമുള്ള ഭരണ-പ്രതിപക്ഷ തര്‍ക്കം മുറുകുമ്പോഴും കടലിന്റെ മക്കള്‍ ഒരേ സ്വരത്തില്‍ പറയുന്നു ഞങ്ങള്‍ക്ക് ഒരു ജാഗ്രത നിര്‍ദേശവും ലഭിച്ചിട്ടില്ല എന്ന്.

'29 ആം തീയതിയാണ് ഇവിടുന്നു ബോട്ട് പോയത് അന്നോ അതിനു മുന്‍പോ ഞങ്ങള്‍ക്ക് ഒരു ജാഗ്രത നിര്‍ദേശവും കിട്ടിയില്ല. കിട്ടിയിരുന്നെങ്കില്‍ അവര്‍ ഇവിടുന്നു പോകുമായിരുന്നോ? ' എന്നാണ് പൂന്തുറയില്‍ മരണപ്പെട്ട ആരോഗൃദാസിന്റെ മകള്‍ സുനി ചോദിക്കുന്നത്. മംഗളം വെബ് ടീമിനോട് സംസാരിക്കവെയാണ് സുനിയുടെ രോഷം മുഴുവന്‍ സങ്കടരൂപത്തില്‍ അണപൊട്ടിയത്. സാധാരണയായി പള്ളിയില്‍ നിന്ന് ഇത്തരം വിവരങ്ങള്‍ വിളിച്ചുപറയും എന്നാല്‍ അങ്ങനെയും ഉണ്ടായില്ല എന്നിവര്‍  ഓര്‍ത്തു പറയുന്നു . പള്ളിയില്‍ നിന്ന് അത്തരത്തില്‍ താക്കീതു കിട്ടിയിരുന്നെങ്കില്‍ ഒരു വള്ളം പോലും പൂന്തുറയില്‍ നിന്ന് ഇറങ്ങില്ലായിരുന്നു എന്നും സുനി ഉറപ്പിച്ചു പറയുന്നു.

ഓഖി ദുരന്തത്തില്‍ പൂന്തുറയില്‍ നിന്നുള്ള നാല് മത്സ്യത്തൊഴിലാളികളാണ് മരണപ്പെട്ടത്. 29 പേരെക്കുറിച്ച് ഇതുവരെ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടുമില്ല. ആശ്വാസ വാക്കുകളും ദുരിതാശ്വാസ പാക്കേജുമായി സര്‍ക്കാര്‍ ഇപ്പോള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെങ്കിലും മുന്നറിയിപ്പ് നല്‍കുന്ന കാര്യത്തില്‍ ഒരല്‍പം ജാഗ്രത കാണിച്ചിരുന്നുവെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നില്ലേ എന്നാണ് ഉറ്റവരെ നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്ന ഓരോരുത്തരും ഉന്നയിക്കുന്ന ചോദ്യം.