ഖത്തര്‍ സന്ദര്‍ശിക്കാന്‍ ഇനി വിസ വേണ്ട

Published on: 5:35pm Wed 09 Aug 2017

A- A A+

ഖത്തറിലെത്തിയാല്‍ സ്റ്റാമ്പ് ചെയ്യുന്നതിന് പ്രത്യേക ഫീസും നല്‍കേണ്ടതില്ല. ഇന്ത്യ ഉള്‍പ്പെടെ എണ്‍പത് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഈ സൗജന്യം ലഭ്യമാണ്

ഇന്ത്യക്കാര്‍ക്ക്  ഖത്തര്‍ സന്ദര്‍ശിക്കാന്‍ ഇനി വിസ വേണ്ട. നേരെ വിമാനം കയറാം. ഖത്തറിലെത്തിയാല്‍ സ്റ്റാമ്പ് ചെയ്യുന്നതിന് പ്രത്യേക ഫീസും നല്‍കേണ്ടതില്ല. ഇന്ത്യ ഉള്‍പ്പെടെ എണ്‍പത് രാജ്യക്കാര്‍ക്ക് ഈ സൗജന്യം അനുവദിച്ചുകൊണ്ട്  ഖത്തര്‍  ടൂറിസം അതോറിറ്റി ഉത്തരവിറക്കി. ഇത് വരും ദിവസങ്ങളില്‍ പ്രാബല്യത്തില്‍ വരുമെന്നും ഉത്തരവില്‍ വിശദീകരിക്കുന്നു. അമേരിക്ക, യു.കെ, ദക്ഷിണാഫ്രിക്ക, സെയ്‌ഷെല്‍സ്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്  തുടങ്ങിയ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും ഈ സൗകര്യം ലഭ്യമാകും. ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ടും മടക്കയാത്രക്കുള്ള ടിക്കറ്റും മാത്രമാണ് ഖത്തറില്‍ പ്രവേശിക്കാന്‍ ഇനി ആവശ്യം. യാത്രക്കാരന്റെ പൗരത്വം നോക്കിയായിരിക്കും താമസിക്കാനുള്ള അനുമതി നല്‍കുക 

30 ദിവസം മുതല്‍ 180 ദിവസം വരെ താമസാനുമതി ലഭിക്കും. സന്ദര്‍ശകന്റെ പൗരത്വം അനുസരിച്ച് ഒന്നുകില്‍ 180 അല്ലെങ്കില്‍ 90 ദിവസം രാജ്യത്ത് തങ്ങാന്‍ അനുമതി നല്‍കും. അല്ലെങ്കില്‍ മുപ്പത് ദിവസത്തേക്കാകും അനുമതി. അധിക മുപ്പത് ദിവസത്തേക്ക് കൂടി രാജ്യത്ത് ചെലവഴിക്കാനുള്ള അനുമതി നീട്ടാനുള്ള സാധ്യതയും  ഉണ്ടാകും. രാജ്യത്തെ ഹോട്ടല്‍, സാംസ്‌കാരിക പൈതൃകം, പ്രകൃതിസമ്പത്ത് എന്നിവ ആസ്വദിക്കാനായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി ചെയര്‍മാന്‍ ഹസ്സന്‍ അല്‍ ഇബ്രാഹിം പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് രാജ്യത്തേക്കുള്ള പ്രവേശനം അനുവദിച്ചിരിക്കുന്നത്. 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!