മലയാള സിനിമ പാര്‍ശ്വവത്കരിക്കപ്പെടുന്നു : കടുത്ത വിമര്‍ശനങ്ങളുമായി സനല്‍ കുമാര്‍ ശശിധരന്‍

Published on: 4:57pm Sun 19 Nov 2017

A- A A+

അക്കാദമിയിലെ ഭാരവാഹികള്‍ തങ്ങളുടെ താല്പര്യങ്ങള്‍ക്കു മാത്രം മുന്‍തൂക്കം നല്‍കിയാണ് പ്രവര്‍ത്തിക്കുന്നത്.

കേരളസര്‍ക്കാരിനെയും അക്കാഡമിയെയും വിമര്‍ശിക്കുന്നതിനാലാണ് തന്റെ ചിത്രം ഐഎഫ്എഫ്‌കെയില്‍ തിരഞ്ഞെടുക്കാത്തതെന്നു സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ഒരു സര്‍ക്കാര്‍ എന്നത് ജനങ്ങളാല്‍ തിരഞ്ഞെടുത്ത ജനാധിപത്യ ഗവണ്‍മെന്റ് ആണെന്നും അത് വിമര്‍ശനങ്ങള്‍ക്ക് വിധേയമാകേണ്ടതാണെന്നും പറഞ്ഞ സനല്‍,  അക്കാദമിയിലെ ഭാരവാഹികള്‍ തങ്ങളുടെ താല്പര്യങ്ങള്‍ക്കു മാത്രം മുന്‍തൂക്കം നല്‍കിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപിക്കുന്നു.

ഗോവന്‍ ചലച്ചിത്ര മേളയില്‍ നിന്ന് പുറത്താക്കപ്പെട്ട എസ് ദുര്‍ഗ എന്ന വിവാദ ചിത്രത്തിന്റെ സംവിധായകനായ സനല്‍ കുമാര്‍ ശശിധരന്‍ ചിത്രത്തിന്റെ കേരള പ്രീമിയര്‍ ഷോയുടെ ഭാഗമായി മംഗളം വെബ് ടിവിയോട് സംസാരിക്കുകയായിരുന്നു.

13 അംഗ ജൂറി തിരഞ്ഞെടുത്തിട്ടും ഗോവന്‍ ചലച്ചിത്ര മേളയില്‍ നിന്ന്  തന്റെ ചിത്രം വാര്‍ത്താവിനിമയ മന്ത്രാലയം ഇടപെട്ടു മാറ്റിയതിന്റെ പ്രതിഷേധവും സംവിധായകന്‍ അറിയിച്ചു.ജൂറി അംഗങ്ങള്‍ രാജി വെച്ചതിനാല്‍ മാത്രമാണ് ഇത് വാര്‍ത്തയായതും ജനങ്ങള്‍ എല്ലാം അറിഞ്ഞതെന്നും സനല്‍ പറയുന്നു. അന്താരാഷ്ട്ര ചലച്ചിത്ര മേളകള്‍ക്ക് തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ക്ക് സെന്‍സറിങ് വേണ്ട എന്ന നിയമം നിലനില്‍ക്കവേ ഈ ചിത്രം സെന്‍സര്‍ ചെയ്തില്ല എന്ന പേരിലാണ് ഇന്ത്യന്‍ പനോരമ എന്ന വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയത്. എന്നാല്‍ ചിത്രം സെന്‍സര്‍ ചെയ്തതിന്റെ ഫലമായാണ് സെക്‌സി ദുര്‍ഗ എസ് ദുര്‍ഗയായതെന്നും സംവിധായകന്‍ ചൂണ്ടിക്കാണിക്കുന്നു. 

'മലയാളത്തില്‍ നിന്ന്  ഈ വര്‍ഷം ഒട്ടേറെ അവാര്‍ഡുകള്‍ നേടിയ ഒരു ചിത്രത്തിന്റെ അവസ്ഥയാണിത്. മലയാള സിനിമയോടുള്ള പാര്‍ശ്വവല്‍ക്കരണം തന്നെയാണ് ഈ നടപടിയിലൂടെ വ്യക്തമാക്കുന്നതെന്നും സനല്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!