ആളുകളെ വഴിതെറ്റിക്കുന്നു, സാനിയ ഇതില്‍ നിന്നു പിന്മാറണം; സിഎസ്‌ഇ

Published on: 10:09am Wed 07 Mar 2018

A- A A+

ആന്റിബയോട്ടിക്കുകള്‍ കുത്തിവെയ്ക്കുന്നുണ്ടെന്നും അവയുടെ മാംസം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും കത്തില്‍ പറയുന്നു

ന്യൂഡല്‍ഹി: കോഴിയിറച്ചിപ്രേമികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പരസ്യത്തില്‍ നിന്ന് ടെന്നീസ് താരം സാനിയ മിര്‍സ പിന്‍മാറണമെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സി.എസ്.ഇ). ഓള്‍ ഇന്ത്യ പൗള്‍ട്രി ഡെവലപ്മെന്റ് ആന്‍ഡ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പരസ്യത്തില്‍ സാനിയ പ്രത്യക്ഷപ്പെട്ടതിനെതിരെയാണ് സി.എസ്.ഇ. രംഗത്തെത്തിയത്. പരസ്യത്തില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് സി.എസ്.ഇ. ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഭൂഷണ്‍ സാനിയയ്ക്ക് കത്തയച്ചു. പൗള്‍ട്രി ഫാമുകളിലെ കോഴികളില്‍ കൂടിയ അളവില്‍ ആന്റിബയോട്ടിക്കുകള്‍ കുത്തിവെയ്ക്കുന്നുണ്ടെന്നും അവയുടെ മാംസം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും കത്തില്‍ പറയുന്നു.

ഫെബ്രുവരി 27ലെ ചില പത്രങ്ങളിലാണ് പരസ്യം വന്നത്. ചിക്കന്‍ കഴിക്കൂ, അത് ആരോഗ്യകരവും ഗുണപ്രദവുമാണെന്ന പരസ്യവാചകത്തിനൊപ്പം ടെന്നീസ് താരമായി തന്നെയാണ് സാനിയയെത്തിയത്. പരസ്യത്തിലെ അവകാശവാദം തികച്ചും തെറ്റും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് സി.എസ്.ഇ. വ്യക്തമാക്കി. കോഴിവളര്‍ത്തുകേന്ദ്രങ്ങളില്‍ വ്യാപകമായി ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം നടക്കുന്നതായി 2017ല്‍ സി.എസ്.ഇ. നടത്തിയ പഠനത്തില്‍ തെളിഞ്ഞിരുന്നു.

രോഗനിയന്ത്രണത്തിനെന്ന മറവില്‍ കോഴികള്‍ പെട്ടെന്ന് വളരാനും തൂക്കം കൂടാനുമാണ് ആന്റിബയോട്ടിക്കുകള്‍ കുത്തിവെയ്ക്കുന്നത്. വിഷയത്തില്‍ സി.എസ്.ഇ. വര്‍ഷങ്ങളായി ഇടപെടല്‍ നടത്തുന്നുണ്ടെന്ന് ഫുഡ് ആന്‍ഡ് ടോക്സിന്‍ വിഭാഗത്തിലെ പ്രോഗ്രാം മാനേജര്‍ അമിത് ഖുരാന അറിയിച്ചു.

വലിയ തോതില്‍ ആരാധകരും പൊതുജനങ്ങള്‍ക്കിടയില്‍ സ്വാധീനവുമുള്ള സാനിയ മിര്‍സ ഇത്തരമൊരു പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് സി.എസ്.ഇ. ചൂണ്ടിക്കാട്ടി. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ആന്റിബയോട്ടിക്ക് പ്രതിരോധ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. കൊളിസ്റ്റിന്‍ പോലുള്ള ആന്റിബയോട്ടിക്കുകള്‍ കുത്തിവെയ്ക്കുന്ന കോഴികളുടെ ഇറച്ചി ഭക്ഷിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. മരുന്നുകള്‍ക്കെതിരെയുള്ള പ്രതിരോധശേഷി കൂടാനും ഇത് കാരണമാകും. പൗള്‍ട്രി ഫാമുടമകള്‍ക്ക് ആന്റിബയോട്ടിക്കുകളുടെ ഉപയോഗം അവസാനിപ്പിക്കാന്‍ ഉദ്ദേശ്യമില്ലെന്നാണ് ഇത്തരം പരസ്യങ്ങള്‍ സൂചിപ്പിക്കുന്നത്. സി.എസ്.ഇ. കത്തില്‍ കൂട്ടിച്ചേര്‍ത്തു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!