കോഹ്ലിപ്പടയുടെ ചിറക് ദക്ഷിണാഫ്രിക്ക അരിഞ്ഞു; ഇന്ത്യയ്ക്ക് 72 റണ്‍സിന്റെ തോല്‍വി

Published on: 9:26pm Mon 08 Jan 2018

A- A A+

ഇതോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0 ന് മുന്നിലെത്തി 

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളിങ്ങിന് മുന്നില്‍ ഇന്ത്യന്‍ നിര തകര്‍ന്നടിഞ്ഞു. ആദ്യ ടെസ്റ്റില്‍ 72 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. വിജയലക്ഷ്യം കൊതിച്ച് ഇറങ്ങിയ ഇന്ത്യയ്ക്ക് 135 റണ്‍സുമായി കരകയറേണ്ടി വന്നു. മത്സരം അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയത്. ഇതോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0 ന് മുന്നിലെത്തി. 

ഫിലാന്‍ഡറുടെയും മോര്‍ക്കലിന്റെയും റബാദയുടെയും ബൗളിങിന് മുന്നിലാണ് ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര തകര്‍ന്നടിഞ്ഞത്. 37 റണ്‍സ് എടുത്ത അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 16 റണ്‍സ് എടുത്ത ധവാനെ പുറത്താക്കിക്കൊണ്ടാണ് മോര്‍ക്കല്‍ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. തൊട്ടു പിന്നാലെ 13 റണ്‍സ് എടുത്ത മുരളി വിജയെയും തിരിച്ചയച്ചു.

ദക്ഷിണാഫ്രിക്കയ്ക്കായി ഫിലാന്‍ഡര്‍ ആറു വിക്കറ്റും മോര്‍ക്കലും റബാദയും രണ്ടു വിക്കറ്റുകളും കൊയ്തു. ഇന്ത്യന്‍ പേസര്‍മാരുടെ കരുത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സില്‍ 130 റണ്‍സിന് പുറത്തായിരുന്നു. കളി തീരാന്‍ ഒന്നര ദിവസം ബാക്കി നില്‍ക്കെ 208 റണ്‍സ് മാത്രമായിരുന്നു ഇന്ത്യയ്ക്ക് വിജയം കൈപ്പിടിയിലൊതുക്കാന്‍ വേണ്ടിയിരുന്നത്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!