നീതി തേടിയുള്ള ശ്രീജിത്തിൻെറ 762ാം ദിനവും കടന്നുപോകുന്നു; ശ്രീജിത്തിനോട് സംസാരിച്ചപ്പോൾ പറഞ്ഞൊരു വാക്കുണ്ട് 'ഭരണമുഖത്താണ് ഞാൻ അധികാരമുള്ളവര്‍ ആരെങ്കിലും എനിക്കു വേണ്ടി ഒരുവട്ടം സംസാരിച്ചിരുന്നുവെങ്കിൽ..'

Published on: 7:14pm Fri 12 Jan 2018

A- A A+

അധികാരമുള്ളവര്‍ ആരെങ്കിലും ശ്രീജിത്തിനു വേണ്ടി സംസാരിച്ചിരുന്നു എങ്കില്‍ ഒരു പക്ഷെ രണ്ട് വര്‍ഷത്തില്‍ അധികം ഈ യുവാവിനു തെരുവില്‍ കിടക്കേണ്ടി വരില്ലായിരുന്നു

അതെ ശ്രീജിത്ത് പറയുന്നത് ശരിയാണ്.... കഴിഞ്ഞ 762 ദിവസങ്ങളായി ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന് മുന്നിൽ വെയിലും മഴയുമേറ്റ് നീതിക്കായി പേരാടുന്ന ശ്രീജിത്തിന് ഇങ്ങനയെ പറയാനാകൂ. ഞങ്ങളുടെ പ്രതിനിധി ശ്രീജിത്തുമായി സംസാരിച്ചപ്പോൾ പാതി നിറഞ്ഞ കണ്ണുകളുമായി ശ്രീജിത്ത് പറഞ്ഞത് ഇതാണ്. 'ഭരണമുഖത്താണ് ഞാൻ പക്ഷേ മുഖം തിരിയ്ക്കുന്നവരാണ് ചുറ്റും'. 

ആദ്യമൊക്ക രണ്ട് മൂന്ന് തവണ സെക്രട്ടേറിയറ്റിന് മുന്നില്‍ വന്ന് പോയി സമരം ചെയ്ത ശ്രീജിത്ത് സാധാരണക്കാര്‍ക്ക് ഇവിടെ നീതി ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് എത്ര വർഷമായാലും തനിക്ക് നീതി ലഭിച്ചേ മടങ്ങൂ എന്ന് തീരുമാനം എടുത്തത്. കൃത്യമായി പറഞ്ഞാല്‍ 2015 ഡിസംബര്‍ 11 മുതല്‍ ഈ ചെറുപ്പക്കാരന്‍ കേരളത്തിന്റെ ഭരണസിരാകേന്ദ്രത്തിന് മുന്നിലുണ്ട്. നീതിക്കായി പോരാടാൻ.

സഹോദരന്‍ ശ്രീജീവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് 2015 മെയ് 22ന് നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍  ശ്രീജിത്ത് ആദ്യമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവുമായി എത്തുന്നത്. പാറശാല പോലീസിന്റെ കസ്റ്റഡിയില്‍ കഴിയുമ്പോള്‍ മരിച്ച തന്റെ സഹോദരന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ആന്ന് ശ്രീജിത്ത് തന്നെക്കൊണ്ടു കഴിയുന്നിടത്തൊക്കെ പരാതി നൽകിയിരുന്നു. എന്നിട്ടും അന്വേഷണത്തില്‍ പുരോഗതിയൊന്നുമുണ്ടാകാതെ വന്ന സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ച് ശ്രീജിത്ത് സമരം ആരംഭിച്ചത്.

അധികാരമുള്ളവര്‍ ആരെങ്കിലും ശ്രീജിത്തിനു വേണ്ടി സംസാരിച്ചിരുന്നു എങ്കില്‍ ഒരു പക്ഷെ രണ്ട് വര്‍ഷത്തില്‍ അധികം ഈ യുവാവിനു തെരുവില്‍ കിടക്കേണ്ടി വരില്ലായിരുന്നു.

ഇടയ്ക്കുണ്ടായ വഴിത്തിരിവ്

പോലീസ് ആദ്യം ആത്മഹത്യയാക്കി എഴുതി തള്ളാന്‍ ശ്രമിച്ച ഒരു കേസാണിത്. എന്നാൽ ശ്രീജിത്തിന്റെ നിരന്തരമായ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പോലീസ് കംപ്ലെയിന്റ് അതോറിറ്റി ശ്രീജീവിന്റേത് ആത്മഹത്യയല്ലെന്ന് കണ്ടെത്തിയിരുന്നു. ഇയാള്‍ മരിച്ചത് ക്രൂരമായ പോലീസ് മര്‍ദ്ദനം മൂലമാണെന്നും പോലീസുകാര്‍ ബലപ്രയോഗത്തിലൂടെ വിഷം കഴിപ്പിച്ചതാണെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. 

പോലീസിൻെറ അനീതി

സ്റ്റേഷനില്‍ വച്ച് അക്രമാസക്തനായെന്നും വിഷം കഴിച്ചെന്നുമാണ് പോലീസുകാര്‍ നല്‍കിയ വിശദീകരണം. അടിവസ്ത്രത്തില്‍ ഫ്യൂരിഡാന്‍ എന്ന വിഷം ഒളിപ്പിച്ച് സെല്ലിനുള്ളില്‍ വച്ച് വായിലേക്ക് ഒഴിച്ചുവെന്നാണ് പോലീസ് മെനഞ്ഞ കെട്ടുകഥ. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വിഷം ഉള്ളില്‍ ചെന്നതായി വ്യക്തമാക്കുന്നുണ്ട്.

പ്രണയത്തിലെ പക

പാറശാല സ്റ്റേഷനില്‍ എഎസ്‌ഐ ആയിരുന്ന ഫിലിപ്പോസിന്റെ ബന്ധുവായ ഒരു പെണ്‍കുട്ടിയുമായി ശ്രീജീവ് പ്രണയത്തിലായിരുന്നതാണ് ഈ ക്രൂരമായ കൊലപാതകത്തിലെ പോലീസിനെ നയിച്ചതെന്ന ശ്രീജിത്തിന്റെ ആരോപണം ജസ്റ്റിസ് നാരായണ കുറുപ്പിന്റെ റിപ്പോര്‍ട്ട് ശരിവച്ചിട്ടുണ്ട്. ശ്രീജീവിനെ മര്‍ദ്ദിച്ചത് അന്നത്തെ പാറശാല സിഐ ഗോപകുമാറും എഎസ്‌ഐ ഫിലിപ്പോസും ചേര്‍ന്നാണെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.

രണ്ട് വര്‍ഷമായി തലസ്ഥാനത്ത് സമരം നടത്തുന്ന ശ്രീജിത്ത് കഴിഞ്ഞ ഒരുമാസമായി നിരാഹാര സത്യാഗ്രഹത്തിലാണ്. ശ്രീജിത്തിന്റെ ആരോഗ്യസ്ഥിതി മോശമായിട്ടും അധികൃതര്‍ ആരും തിരിഞ്ഞുനോക്കാക്കിയിട്ടില്ല. എന്തായാലും ശ്രീജിത്തിന് പിന്തുണയുമായി ഇന്ന് ലക്ഷങ്ങളുണ്ട്. സോഷ്യൽ മീഡിയാ സുഹൃത്തുക്കളുണ്ട്.. അതെ ശ്രീജിത്തിന് നീതി ലഭിക്കണം.
 

-അരുൺ മാധവ്

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!