തെരുവുനായ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

By webdesk
Published on: 8:55am Mon 22 May 2017

ജോസ്‌ക്ലിന്‍

A- A A+

ഏതാണ്ട് അമ്പതോളം നായകള്‍ ചേര്‍ന്ന് ജോസ്‌ക്ലിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. നിര്‍വാഹമില്ലാതെ ഇയാള്‍ കടലിലേക്കു ചാടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല

തിരുവനന്തപുരം: തെരുവ് നായയുടെ ആക്രമണത്തെ തുടര്‍ന്ന് വൃദ്ധ മരണമടഞ്ഞ് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് അതേ സ്ഥലത്ത് തന്നെ മറ്റൊരാൾക്കും  നായയുടെ കടിയേറ്റ് ദാരുണാന്ത്യം.
പുല്ലുവിളയില്‍ ഇന്നലെ രാത്രിയുണ്ടായ സംഭവത്തില്‍ മത്സ്യത്തൊഴിലാളിയായ പുല്ലുവിള സ്വദേശി ജോസ്‌ക്ലിന്‍ (52) ആണ് മരിച്ചത്. ഇന്നു രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഓഗസ്റ്റില്‍ നായ്ക്കൂട്ടം കടിച്ചുകീറി കൊന്ന ഷീലുവമ്മയുടെ അയല്‍വാസിയാണ് ജോസ് ക്ളീന്‍
 ഏതാണ്ട് അമ്പതോളം നായകള്‍ ചേര്‍ന്ന് ജോസ്‌ക്ലിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. നിര്‍വാഹമില്ലാതെ ഇയാള്‍ കടലിലേക്കു ചാടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഗുരുതരമായി പരുക്കേറ്റ ജോസ്‌ക്ലിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും നില ഗുരുതരമാക്കി. ചോര വാര്‍ന്ന് അവശനായ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച ജോസ്‌ക്ലിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാളുടെ കീഴ്ത്താടി നായ കടിച്ചെടുത്തിരുന്നു. കൈകളിലും കാലുകളിലും നിറയെ കടിയേറ്റ പാടുകളാണ്. സമീപ വാസികള്‍ കണ്ടെത്തുമ്പോള്‍ തന്നെ ഗുരുതരമായ നിലയിലായിരുന്നു

ജോലി കഴിഞ്ഞെത്തി രാത്രി ഭക്ഷണവും കഴിച്ച് തോണിയിലേക്ക് ഉറങ്ങാന്‍ പോകുമ്പോഴാണ് ആക്രമണം ഉണ്ടായതെന്നാണ് കരുതുന്നത്. തുടര്‍ച്ചയായി തെരുവ്നായ പ്രശ്നം ഉണ്ടാകുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. സംഭവം വിവാദമായതോടെ തെരുവുനായ ശല്യം  പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവം.   ഇന്ന് പുല്ലുവുളയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിക്കും.  സർക്കാർ അനാസ്ഥയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!