വിവാദങ്ങള്‍ അവസാനിപ്പിച്ച് സുരഭി : ഐഎഫ്എഫ്‌കെ സംഘാടകരുടെ ക്ഷണം സ്വീകരിച്ചു

Published on: 12:20pm Wed 13 Dec 2017

A- A A+

സംഘാടകരുടെ ക്ഷണം സ്വീകരിച്ച് ചലച്ചിത്രമേളയ്‌ക്കെത്തിയ താരം അക്കാഡമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോളില്‍ നിന്ന് പാസ് ഏറ്റുവാങ്ങി

 

തിരുവനന്തപുരം : രാജ്യാന്തര ചലച്ചിത്രമേളയില്‍ തന്റെ പേരിലുയര്‍ന്ന വിവാദങ്ങള്‍ അവസാനിപ്പിച്ച് നടി സുരഭി. സംഘാടകരുടെ ക്ഷണം സ്വീകരിച്ച് ചലച്ചിത്രമേളയ്‌ക്കെത്തിയ താരം അക്കാഡമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോളില്‍ നിന്ന് പാസ് ഏറ്റുവാങ്ങി. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സുരഭിക്ക് ചലച്ചിത്രമേളയില്‍ വേണ്ടത്ര പരിഗണന നല്‍കാത്തത് വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായ രജീഷയ്ക്ക് നല്‍കിയ പരിഗണന പോലും മേള അധികൃതര്‍ ഒരു ദേശീയ അവാര്‍ഡ് ജേതാവിന് നല്‍കിയില്ലെന്ന ആരോപണങ്ങളും ശക്തമായിരുന്നു. സുരഭിക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രം മേളയില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് ചിത്രത്തിന് സമാന്തര പ്രദര്‍ശനം ഒരുക്കി കഴിഞ്ഞ ദിവസം ചിലര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘാടകരുടെ ക്ഷണം സ്വീകരിച്ച് സുരഭി മേളയിലെത്തിയത്. തന്റെ ചിത്രം ഇവിടെ പ്രദര്‍ശിപ്പിക്കണമെന്ന ആഗ്രഹമുണ്ട് എന്നാല്‍ ഇക്കാര്യത്തില്‍ വാശിയില്ലെന്ന് പറഞ്ഞ സുരഭി വിവാദങ്ങളുണ്ടാക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. വരുംകാലങ്ങളില്‍ മലയാള സിനിമയില്‍ യശസ്സുയര്‍ത്തിയ സിനിമയെ പ്രദര്‍ശിപ്പിക്കാനുള്ള ഒരിടം ചലച്ചിത്രമേളയിലുണ്ടാകണമെന്നും അവര്‍ വ്യക്തമാക്കി. 
 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!