ചരിത്രം മണക്കുന്ന ഹംപി
ദക്ഷിണേന്ത്യയുടെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഇന്ന് വളരെയേറെ ജനശ്രദ്ധ ആകര്‍ഷിക്കും വിധം ഇടം പിടിച്ച ചരിത്ര പ്രസിദ്ധമായ സ്ഥലം.
കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലാണ് ഹംപി. തുംഗഭദ്ര നദിയുടെ തെക്കേ കരയിലാണിത്. പൗരാണിക കാലത്തെ പമ്പാ ക്ഷേത്രം. പമ്പയെന്നത് തുംഗഭദ്ര നദിയുടെ മറ്റൊരു പേരാണ്. പമ്പയെ ഹംപെ എന്നാണ് കര്ണാടകക്കാര് വിളിച്ചിരുന്നത്. അതിന്റെ ഇം ീഷ് പ്രയോഗമാണ് ഹംപി.
ഹംപിയുടെ ചരിത്രപരമായ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞ യുനസ്കോ, 1986-ല്‍ ആ സ്ഥലം ലോക പൈതൃക സ്മാരക സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഹംപി ലോക ശ്രദ്ധയാകര്‍ഷിക്കും വിധം പ്രിസിദ്ധിയിലേക്കുയരുന്നുതും അവിടേക്ക് വിനോദ സഞ്ചാരികളുടെ വരവ് വര്‍ദ്ധിക്കുന്നതും അതോടെയാണ്.
ബംഗളൂരുവില്‍ നിന്ന് 350 കിലോമീറ്ററും ബെല്ലാരിയില്‍ നിന്ന് 75 കിലോമീറ്ററും ഹോസ്പേട്ടില്‍ നിന്നും 14 കിലോമീറ്ററും ദൂരമുണ്ട് ഹംപിയിലേക്ക്. ഹോസ്പേട്ടാണ് ഏറ്റവും അടുത്ത പട്ടണം. ഹംപി കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് താമസി ക്കാനുള്ള ഹോട്ടലുകളും ലോഡ്ജുകളും അവിടെയാണുള്ളത്. ഹംപിയിലെത്താനുള്ള ഏറ്റവും അടുത്ത റയില്‍വേ സ്റ്റേഷനും ബസ് സ്റ്റേഷനും ഹോസ്പേട്ട് തന്നെ. നീണ്ട 16 മണിക്കൂറുകളുടെ യാത്ര കഴിഞ്ഞ് ചരിത്രമുറങ്ങുന്ന ഹംപിയില്‍ കാലുകുത്തുമ്പോള്‍ അവിടം ചൂടു കൊണ്ട് ചുട്ടു പൊള്ളുകയായിരുന്നു. 41 ഡിഗ്രിയായിരുന്നു ചൂട്. ഇക്കഴിഞ്ഞ മെയ് മാസത്തിലെ അവസാനദിനങ്ങളിലൊന്നായിരുന്നു അത്. ഹംപിയിലത് ഓഫ് സീസണാണ്. ജൂലൈ മുതല്‍ ഫെബ്രുവരി വരെയാണ് അവിടുത്തെ സീസണ്.
ചെറുതായി വീശിയടിക്കുന്ന പൊടിക്കാറ്റില്‍ ഉഷ്ണം ഉറഞ്ഞു കൂടിയതിന്റെ വ്യക്തമായ ലക്ഷണം അനുഭവപ്പെട്ടു. ശരീരം വെട്ടി വിയര്‍ക്കാന്‍ തുടങ്ങിയിരുന്നു. എങ്കിലും ഹംപി കാണുക എന്ന കുറേകാ ലമായുള്ള മോഹം യാഥാര്‍ഥ്യമായതിന്റെ ആവേശ തിമിര്‍പ്പിലായിരുന്നു മനസ്. അതുകൊണ്ടുതന്നെ ദീര്‍ഘയാത്രയുടെ ക്ഷീണമോ അസഹനീയമായ ചൂടോ ശരീരത്തെയും മനസിനെയും തളര്‍ത്തിയില്ല.
ഓഫ് സീസണ് ആണെങ്കിലും സന്ദര്‍ശകര്‍ക്ക് ഒരു കുറവും കണ്ടില്ല. കാറുകളിലും ബസുകളിലും ബൈക്കിലുമായി അവര്‍ ഹംപിയില്‍ നിമിഷംപ്രതി വന്നു നിറയുന്നുണ്ടായിരുന്നു.(സീസണില്‍ ദിനംപ്രതി ശരാശരി രണ്ടായിരത്തോളം സന്ദര്‍ശകര്‍ ഇവിടെ എത്തുന്നു എന്നാണ് കണക്ക്)അധികം പേരും കര്‍ണാടകയില്‍ നിന്നു തന്നെയാണ്. ആന്ധ്ര, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരുമുണ്ട്. ഒപ്പം കുറേയധികം വിദേശികളും. എന്നാല്‍ കേരളത്തില്‍ നിന്നുള്ളവര്‍ താരതമ്യേന കുറവാണ്.
സഞ്ചാരികളിലേറെയും വിദ്യാര്‍ഥിക ളാണ്. സ്കൂളുകളില്‍ നിന്നും കോളജില്‍ നിന്നും മറ്റും കൂട്ടമായി വരുന്നവര്‍. കുടുംബവുമായി വരുന്നവരും ഒറ്റക്ക് വരുന്നവരും കൂട്ടത്തിലുണ്ട്. അതെന്തായാലും നല്ല ചരിത്രാവബോധം ഉള്ളവരായിരിക്കും അവരില്‍ മിക്കവരും എന്നു തോന്നി, കാരണം ഹംപി, ഊട്ടിയോ കൊഡൈക്കനാലോ മൂന്നാറോ പോലെ പച്ചപ്പ് നിറഞ്ഞ് പ്രകൃതി രമണീയമായ സ്ഥലമൊന്നുമല്ല. സഞ്ചാരികളുടെ മനസിനെയും ശരീരത്തെയും കുളിര്‍പ്പിച്ച് ആലസ്യത്തില്‍ ആറാടിക്കുന്ന സുഖകരമായ കാലാവ സ്ഥയും ഇവിടെയില്ല. സീസണില്‍ നല്ല മഴയുമുണ്ടാവും.
ദാവന്‍ഗരെയില്‍ നിന്ന് പൂനെയ്ക്കു പോകുംവഴി ഹോസ്പേട്ട് അഥവാ ഹോസെപേട്ടെ എന്ന നഗരമാണ് ഹംപിയ്ക്ക് ഏറ്റവുമടുത്തുളള പട്ടണം. ഇവിടേക്ക് റയില്‍ റോഡ് മാര്‍ഗം എത്തിച്ചേരാവുന്നതാണ്. ബംഗളൂരുവില്‍ നിന്ന് ധാരാളം ട്രെയിനുകളും അരമണിക്കൂറിടവിട്ട് ബസുകളുമുണ്ട്. ഇടത്തരം മുനിസിപ്പല്‍ പട്ടണമാണിത്. ഇവിടെ നിന്ന് 11 കിലോമീറ്ററുണ്ട് ഹംപിക്ക്. അവിടേക്ക് അര മണിക്കൂറിടവിട്ട് ലോ ഫ്ളോര്‍ ഷട്ടില്‍ ബസുണ്ട്. ഓട്ടോയോ ടാക്സിയോ വിളിച്ചാല്‍ ഏറെ നിരക്കാവും. മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ പോലല്ല ഹംപി. അത് പുരാവസ്തുഗവേഷണകേന്ദ്രത്തിന്റെ ഖനനമേഖലയാണ്. എവിടെ തിരിഞ്ഞാലും പുരാതന നാഗരികാവശിഷ്ടങ്ങളാണ്. തരിശുഭൂമിപോലെ വേലികെട്ടിത്തിരിച്ചിട്ടിട്ടുള്ള ഇടം ഒരുപക്ഷേ രണ്ടുവര്‍ഷം കഴിഞ്ഞു പോകുമ്പോള്‍ ഖനനം തീര്‍ന്ന് പുതിയ അമ്പലമോ കൊട്ടാരക്കെട്ടോ ഒക്കെയായി മാറിയിട്ടുണ്ടാവും.
തന്ത്രപ്രധാനമേഖലയായതുകൊണ്ടു തന്നെ ഇവിടെ സ്ഥിരമായ വലിയ ഹോട്ടലുകളോ ഭക്ഷണശാലകളോ ഒന്നുമില്ല. ഖനനത്തിനും അനുബന്ധ പണികള്‍ക്കുമായി വന്നുചേര്‍ന്ന തൊഴിലാളികള്‍ക്കും മറ്റുമായി പണിത ചെറുകിട താല്‍ക്കാലിക താവളങ്ങള്‍ പരിഷ്കരിച്ച കെട്ടിടങ്ങള്‍ മാത്രമാണുള്ളത്. ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ കോളനി. അവിടെ ചില കെട്ടിടങ്ങളില്‍ ഹോംസ്റ്റേ പോലുള്ള സേവനങ്ങള്‍.
ചുരുക്കത്തില്‍ ഒരു സാധാരണ വിനോദ സഞ്ചാരിയുടെ മനം കവരുന്ന അന്തരീ ക്ഷമോ കാഴ്ചകളോ സൗകര്യങ്ങളോ ഒന്നും ഹംപിയിലില്ല. മൊബൈല്‍ ഫോണിന് റെയ്ഞ്ച് കിട്ടില്ല ഹംപിയില്‍. ഫോണ്‍ ബൂത്തുകളില്ല. പെട്രോള്‍ പമ്പുമില്ല. എന്നിട്ടും സഞ്ചാരികള്‍ ധാരാളമായി ഇവിടെയെത്തുന്നത് എന്തുകൊണ്ടായിരിക്കും?
തീര്‍ച്ചയായും അത്, ഗതകാലം ദക്ഷിണേന്ത്യക്ക് സമ്മാനിച്ച സമ്പന്നമായ ചരിത്ര സ്മാരക ങ്ങളുടെ വീണ്ടെടുപ്പുകളെ അടുത്തറിഞ്ഞും അനുഭവിച്ചും മനസിലാക്കാനുള്ള ആശയും ആവേശവും കൊണ്ടു തന്നെയായിരിക്കും.
ചുറ്റോടു ചുറ്റും ചെങ്കല്‍-കരിങ്കല്‍ നിര്‍മിത പുരാതന കെട്ടിടങ്ങളുടെ പാടെ തകര്‍ന്നതിന്റെയും പാതി തകര്‍ന്നതിന്റെയും വരണ്ട അവശിഷ്ടങ്ങള്‍ മാത്രമാണ്. പുരാവസ്തുക്കളുടെ ഒരു മരുപ്പറമ്പ് എന്ന് ഹംപിയെ വിശേഷിപ്പിച്ചാലും തെറ്റില്ല.എല്ലാം തഞ്ചാവൂരിലും മറ്റും കാണുന്നതുപോലെ പല്ലവ ചോള ചാലൂക്യ ശൈലിയിലുള്ളത്.
അവയില്‍ കോട്ടകളും കൊത്തളങ്ങളുമുണ്ട്. ആരാധനാലയങ്ങളും രാജകൊട്ടാര ത്തിന്റെ ഭാഗങ്ങളുമുണ്ട്. കുളങ്ങളും വലിയ ജലസംഭരണികളുമുണ്ട്. കല്ലില്‍ തീര്‍ത്ത രഥങ്ങളും വലിയ തൂണുകളും കമാനങ്ങളുമുണ്ട്. ആനപന്തികളും കുതിരാലയങ്ങളുമുണ്ട്. സൈനീകരുടെ താമസ സ്ഥലങ്ങളുണ്ട്. ഗ്രാമമുഖ്യന് ഗ്രാമസഭകള്‍ വിളിച്ചു കൂട്ടി തര്‍ക്ക പരിഹാരങ്ങള്‍ക്ക് നേതൃത്വം നല്കിയ ഇടങ്ങളുണ്ട്. ആര്‍ട്ട് ഗ്യാലറികളുണ്ട്. ചെറുതും വലുതുമായഅനേകം പ്രതിമകളുമുണ്ട്.
വിജയനഗരസാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു ഹംപി. 1336 മുതല്‍ 1565 വരെ ദക്ഷിണേന്ത്യ അടക്കി ഭരിച്ച വിജയ നഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളാണ് ഹംപിയില്‍ കാണുന്ന ചരിത്ര സ്മാരകങ്ങളെല്ലാം. 25 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയില്‍ ഈ ചരിത്രവിസ്മയങ്ങള്‍ അങ്ങനെ നിരന്ന് പരന്ന് കിടക്കു കയാണ്. അവയുടെ എണ്ണം ആയിരത്തിലധികം വരും. ഇവയെല്ലാം ഇപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്.
രാജ്യഭരണം പല കാലങ്ങളിലായി കൈയാളിയ സംഗമ, സലുവ, തുളുവ, അരവിന്ദു രാജവംശങ്ങള്‍ തലസ്ഥാനത്തെ മോടിപിടിപ്പിച്ചത് കല, വാസ്തുശില്പം, കൊത്തുപണി എന്നീ മേഖലകളെ അകമ ഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു കൊണ്ടായിരുന്നു. ഈ രംഗത്ത് പ്രഗദ്ഭരായവരെ മറ്റു സ്ഥലങ്ങളില്‍ നിന്നു പോലും അവര്‍ തേടിപ്പിടിച്ച് സ്വന്തം രാജ്യത്തേക്കു കൊണ്ടു വന്നു.
അയല്‍ രാജ്യവുമായോ ശത്രുരാജ്യവു മായോ ഒരു യുദ്ധം കഴിഞ്ഞ് വിജയിച്ച് മടങ്ങുമ്പോള്‍ വിജയനഗര രാജാക്കന്മാര് പൊന്നും പണവും മാത്രമല്ല കടത്തിക്കൊണ്ടു വന്നത്. അവിടുത്തെ പ്രസിദ്ധരായ കലാകാരന്മാര്, ശില്പികള്, കൊത്തുവേ ലക്കാര്‍ എന്നിവരേയും തടവുകാരായി പിടിച്ച് തങ്ങളുടെ രാജ്യത്ത് എത്തിച്ചു. പലകാലങ്ങളിലായി വിജയനഗരം സന്ദര്‍ശിച്ച വിദേശ സഞ്ചാരികളായ ഡൊമിനിംഗോ പയസ്, ഫെര്‍നോ നുണിസ്, നിക്കൊളൊ കോണ്ടി, അബ്ദുള്‍ റസാക്ക് എന്നിവര്‍ ഇക്കാര്യം രേഖപ്പെടുത്തുന്നുണ്ട്. ഇങ്ങനെയുള്ള കലാകാരന്മാര് ആത്മാര്‍ഥതയോടെ അണിനിരന്ന് കലാരംഗത്തിന് നല്കിയ സംഭാവനയുടെ സമൃദ്ധിയാണ് ഒരു കാലത്ത് വിജയ നഗരത്തെ, ദക്ഷിണേന്ത്യയില്‍ സുവര്‍ണ കാലത്തിന്റെ തേരോട്ടം നയിച്ച് മുന്നേറാന്‍ പ്രാപ്തമാക്കിയത്.
ഈ കലാകാരന്മാരുടെ കരവിരുത് കൈയൊപ്പ് ചാര്‍ത്തി കാണാത്ത ഒരൊറ്റ സ്മാരകം പോലും ഹംപിയിലില്ല. കല്ലിലും മരത്തിലും അവര്‍ വിരിയിച്ചെടുത്ത വിസ്മയങ്ങളെ ഒട്ടൊരു അത്ഭുതത്തോടെയല്ലാതെ നോക്കി കാണാനാവില്ല. ഗൈഡുകളെക്കൂടാതെ ഹംപിയിലെ ചരിത്രാവശിഷ്ടങ്ങള്‍ കാണുന്നത് അര്‍ത്ഥരഹിതമാണ്.
മനുഷ്യന് അസാധ്യം എന്നു തന്നെ തീര്‍പ്പു കല്‍പ്പിക്കുന്ന അതിശയങ്ങളുടെ അതിരില്ലാത്ത മായക്കാഴ്ചകളാണ് ഹംപിയിലെങ്ങും. ഹംപിയിലൂടെ നടക്കുമ്പോള്‍ അവിശ്വസനീയതയുടേയും അമ്പരപ്പിന്റെയും ഏതോ മായിക ലോകത്ത് എത്തിച്ചേര്ന്നതുപോലെയാണ് നമുക്കു തോന്നുക. നമുക്കു മുമ്പേ നടന്നു പോയ ഒരു ജനത കലാരംഗത്ത് കൈവരിച്ചെടുത്ത പ്രൗഢിയുടേയും പ്രതാപത്തിന്റെയും സുവര്‍ണ കാലംതീര്ച്ചയായും നമ്മെ തെല്ലൊന്ന് അസൂയപ്പെടുത്തും. പക്ഷേ, വിജയനഗര സാമ്രാജ്യത്തിന്റെ സുവര്‍ണകാലം 1565- ല്‍ നടന്ന തളിക്കോട്ട യുദ്ധത്തോടെ അവസാനിച്ചു. (ഹംപിയില്‍ നിന്നും 180 കിലോമീറ്ററുകള്‍ പടിഞ്ഞാറു മാറിയാണ് തളിക്കോട്ട) ഡെക്കാന്‍ സുല്ത്താന്മാരുടെ സംയുക്ത സൈന്യം ആ യുദ്ധത്തില്‍ വിജയനഗരസാമ്രാജ്യത്തെ അമ്പേ പരാജയപ്പെടുത്തി. യുദ്ധത്തില്‍ അന്നത്തെ ഭരണാധികാരിയായിരുന്ന രാമരായര്‍ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ സഹോദരന് തിരുമല, ബാക്കി സൈന്യവും കൈയില്‍ കിട്ടിയ ധനവും ശേഖരിച്ച് അവിടെ നിന്നും പലായനം ചെയ്തു.
തലസ്ഥാന നഗരിയായ ഹംപിയുടെ സമ്പത്തും സമൃദ്ധിയും പുരോഗതിയും കണ്ട് ഡെക്കാന്‍ സൈന്യം അമ്പരന്നു. അവര്‍ നാഥനില്ലാത്ത ഹംപിയുടെ മുക്കും മൂലയും നിര്‍ബാധം കൊള്ളയടിച്ചു. സ്വര്‍ണവും വെള്ളിയും രത്നവും എന്നു വേണ്ട വിലപിടിപ്പുള്ളതൊക്കെ കൈക്കലാക്കി. ഒപ്പം കലയുടെയും വാസ്തുശിലപ്ത്തിന്റെയും കൊത്തുവേലയുടെയും ഉദാത്തമാതൃകകളായ ഹംപിയിലെ സ്മാരകങ്ങളും കെട്ടിടങ്ങളുമെല്ലാം ഇടിച്ചുനിരത്താനും തുടങ്ങി.
ഏതാണ്ട് ആറു മാസത്തോളം സംഹാര താണ്ഡവം നടത്തിമടുത്തപ്പോഴാണ് ഡെക്കാന്‍ സൈന്യം പിന്‍വാങ്ങിയത്. ആ കാലമത്രയും അവര്‍ ഉത്സാഹിച്ച് തകര്‍ത്തിട്ടും അതിനെയൊക്കെ അതിജീവിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങളാണ് ഇന്ന് ഹംപിയില്‍ കാണുന്നവയില്‍ എറെയും. കേവലം മൂന്നു നൂറ്റാണ്ടു കൊണ്ട് വിജയ നഗര രാജാക്കന്മാര് സൃഷ്ടിച്ചെടുത്തസ്മാരകങ്ങളുടെ ബാഹുല്യം എത്രയാ ണെന്ന കാര്യം നമ്മെ അത്ഭുതപ്പെടുത്തുക അപ്പോഴാണ്. തളിക്കോട്ട യുദ്ധത്തില്‍ തകര്‍ന്നു തരിപ്പണമായ ഹംപിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പിന്നീട് വന്ന ചില വിജയ നഗര രാജക്കന്മാര് നടത്തുകയുണ്ടായി. പക്ഷേ, അതൊന്നും വിജയം കണ്ടില്ല. തുടര്‍ന്ന് നഷ്ടപ്രതാപത്തിന്റെ ഓര്‍മകള്‍ പേറി ഹംപി ആരാലുമറിയപ്പെടാതെ കുറേക്കാലം അനാഥമായികിടന്നു. പിന്നീട് 1800-ല്‍ സ്കോട്ട്ലണ്ടുകാരനായ കേണല്‍ കോളിന്മെക്കന്സിയാണ് ഹംപിയും അവിടുത്തെ ചരിത്രാവശിഷ്ടങ്ങളും വീണ്ടെടുക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്. ഹംപിയ്ക്കും അവിടുത്തെ സ്മാരകങ്ങള്‍ക്കും അതൊരു പുനഃര്ജന്മമായി.
കൊട്ടാരക്കെട്ടിനെപ്പറ്റി പറഞ്ഞാല്‍ മനസില്‍ പെട്ടെന്നൊരു രൂപം കിട്ടാന്‍ എളുപ്പത്തില്‍ പറയാവുന്നത് ബാഹുബലിയിലെ രാജധാനിയുടെ രൂപമാണ്. മിക്കവാറും ഹംപിയുടെ വാസ്തുവിനെ ആധാരമാക്കി നിര്‍മിച്ചതാണ് മഹിഷ്മതി എന്ന സാങ്കല്പിക രാജധാനി. വിജയനഗര സാമ്രാജ്യം പ്രാതാപത്തിന്റെ ഔന്നിത്യത്തില്‍ കത്തിനിന്ന കാലത്ത് ഹംപിയില്‍ ഉണ്ടായിരുന്ന പ്രധാന ആരാധനാലയങ്ങളിലൊന്നാണ് വിരുപാക്ഷ ക്ഷേത്രം. കഴിവുറ്റ കൊത്തുവേലക്കാര്‍ കല്ലില്‍ വിരിയിച്ചെടുത്ത അതിമനോഹരവും അതിശയകരവുമായ ഒരു സൗധമാണത്. ക്ഷേത്രത്തിലെ 'വിരുപാക്ഷ' മൂര്‍ത്തിയേയാണ് വിജയ നഗരരാജാക്കന്മാര് പാരമ്പര്യമായി ആരാധിച്ചു പോന്നിട്ടുള്ളത്. 'വിരുപാക്ഷപുരം' എന്ന പേരിലാണ് ക്ഷേത്രം ഉള്‍ക്കൊള്ളുന്ന പ്രദേശം അറിയപ്പെട്ടിരുന്നത്. ഡെക്കാന്‍ സുല്ത്താന്മാരുടെ ആക്രമണത്തില്‍ കാര്യമായ കേടുപാടുകളൊന്നും സംഭവിക്കാതെ വിരുപാക്ഷ ക്ഷേത്രം ഇന്നും ഹംപിയില്‍ നിലകൊള്ളുന്നുണ്ട്. ഹംപിയിലെത്തുന്ന വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന പ്രധാന കാഴ്ചകളില്‍ ഒന്നാണിത്.
വിരുപാക്ഷ ക്ഷേത്രത്തില്‍ നിന്നും ഏകദേശം രണ്ടു കിലോമീറ്റര്‍ മാറിയാണ് ഹംപിയിലെ മറ്റൊരു പ്രധാന ആകര്‍ഷണ മായ വിഠല ക്ഷേത്രം നിലകൊള്ളുന്നത്. തട്ടിയാല്‍ ഒരു പ്രത്യേക തരത്തില്‍ സംഗീതം പൊഴിക്കുന്ന 1000 കല്‍ത്തൂണുകളാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. സവിശേഷമായ കൊത്തുപണികളും ഗോപുരങ്ങളും മണ്ഡപങ്ങളും കൊണ്ട് സമൃദ്ധമാണ് ഈ ക്ഷേത്രം. 20 രൂപ ടിക്കറ്റെടുത്ത് 'ബഗ്ഗീസ്'എന്നു വിളിക്കുന്ന ബാറ്ററി കാറില്‍ വേണം ഇവിടെ യാത്ര ചെയ്യാന്‍. മറ്റു വാഹനങ്ങളൊന്നും ക്ഷേത്ര പരിസരത്ത് അനുവദിക്കില്ല. നടക്കാന്‍ താല്പര്യമുള്ളവര്ക്ക് അങ്ങനെയാവാം. അതാണ് കൂടുതല്‍ മെച്ചം. കാരണം വഴിക്കുളള ചില കുളങ്ങളും പഴയകാല പണ്ഡാരത്തെരുവുകളുമെല്ലാം കാണാം. ക്ഷേത്രസമുച്ചയങ്ങളായാണ് ഈ നഗരം പണിതുയര്‍ത്തിയിട്ടുള്ളത്. ഒരു മഹാക്ഷേത്രത്തിനു നാലുപാടുമായി നീണ്ട തെരുവ്. അതിനു സമാന്തരമായി ജലപാത, വാണികകുടീരങ്ങള്. ഹംപി വിജയനഗര സാമ്രാജ്യത്തിന്റെ തലയിലെ കിരീടമായിരുന്നെങ്കില്‍ അതിലെ ഏറ്റവും വിലപിടിപ്പുള്ള രത്നമാണ് വിറ്റാല ക്ഷേത്രമെന്നാണ്് വിശ്വാസം.
ഗ്രാനൈറ്റുകളും തകര്‍ന്ന സ്മാരകങ്ങളും നിറഞ്ഞ ഹേമകുട കുന്ന് (ഈകുന്നിന് മുകളില്‍ കയറിയാലാണ് വിരുപാക്ഷ ക്ഷേത്രത്തിന്റെ ഏറ്റവും നല്ലൊരു കാഴ്ച നമുക്ക് കാണാനാവുക) കൃഷ്ണദേവരായരുടെ സൈന്യത്തിലെ ഏറ്റവും കഴിവുള്ള ആനകള്‍ക്കായി ഒരുക്കിയ വിശാലമായ ആനപ്പന്തി, പഴയകൊട്ടാരം, കല്ലില്‍ തീര്‍ത്ത രഥങ്ങള്‍, മാതംഗ കുന്ന്, ഒറ്റക്കല്ലില്‍ കൊത്തിയുണ്ടാക്കിയ കൂറ്റന്‍ പ്രതിമകള്‍, തുംഗഭദ്രാ നദി, ആഞ്ചനേയാദ്രി കുന്ന്, ഗണികാട്ടി ജൈന ക്ഷേത്രം, ലോട്ടസ് മഹല്‍ തുടങ്ങി സഞ്ചാരികള്‍ക്ക് കാണാന്കാഴ്ചകള് അനവധി യുണ്ടിവിടെ. സ്മാരകങ്ങളും മറ്റും കാണാന്‍ എവിടെയും പ്രവേശന ഫീസ് ഒന്നും നല്‍കേണ്ടതില്ല. ആരാധനാലയങ്ങ ളില്‍ 50 രൂപ നല്കിയാല് മാത്രമെ ഫോട്ടോ അനുവദിക്കുകയുള്ളു. എന്നാല്‍ പൂജാകര്‍മങ്ങള്‍ നടക്കുന്നിടം, വിഗ്രഹം വച്ച് തൊഴുന്നിടം എന്നിവടങ്ങളിലൊക്കെ ഫോട്ടോ എടുക്കുന്നതിന് കര്‍ശനമായ വിലക്കുകളുണ്ട്.
ഓണ്‍ലൈനില്‍ ബുക്കു ചെയ്യാവുന്ന ഒന്നിലേറെ താമസസ്ഥലങ്ങളും ഗസ്റ്റ്ഹൗസുകളുമുണ്ട്. വിരൂപാക്ഷക്ഷേത്രത്തിനു തൊട്ടരികിലാണെല്ലാം. എല്ലാം ഇതേപോലെ തന്നെ. പഞ്ചനക്ഷത്ര സൗകര്യങ്ങളൊന്നും പ്രതീക്ഷിക്കരുത്. വഴിയോര കച്ചവടങ്ങളും അങ്ങനെതന്നെ. ഭക്ഷണശാലകള്‍ പോലും. ഹോസ്പേട്ടിലാണ് വന്‍കിട റിസോര്‍ട്ടുകളും സ്റ്റാര്‍ ഹോട്ടലുകളും മറ്റും. പക്ഷേ അവിടെ തങ്ങിയാല്‍ ഹംപിയുടെ രാത്രിക്കാഴ്ചയും മനോഹാരിതയുമൊന്നും തിരിച്ചറിയാനാവില്ല. ശരാശരി ഒരാള്‍ക്ക് രണ്ടു രാത്രിയും മൂന്നു പകലും ചുറ്റിക്കാണാനുള്ള വകയെങ്കിലുമുണ്ട് മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഹംപിയുടെ ചരിത്രഭൂമിയില്‍. കൂടാതെ ഹോസ്പേട്ടില്‍ ചെന്നിട്ടു മാത്രം പോകാവുന്ന ദൂരത്തില്‍ തുംഗഭദ്ര അണക്കെട്ടും. അവിടത്തെ സായാഹ്ന ദൃശ്യശ്രാവ്യപ്രദര്ശനം പ്രശസ്തമാണ്.
തകര്‍ന്നടിഞ്ഞ രാജകൊട്ടാരങ്ങളുടെയും അന്തഃപ്പുരങ്ങളുടെയും ആരാധനാലയങ്ങളുടെയും കോട്ടക്കൊത്തളങ്ങളുടെയും അവശിഷ്ടങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ സൂഷ്മതയോടെ കാതോര്‍ത്താല്‍ കാലത്തിനപ്പുറത്തു നിന്നും കലാകാരന്മാര് പരസ്പരം മിണ്ടിപറയുന്നതിന്റെ നേര്ത്തമര്മരം കേള്‍ക്കാം. കലയുടെ വൈവിധ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ എത്രയോ കലാകാരന്മാര് അവരുടെ അധ്വാനവും വിയര്‍പ്പും ലാഭേച്ഛയില്ലാതെ ഇവിടെ ഒഴുക്കിയിട്ടുണ്ട്. കല്ലിലും മരത്തിലും അവരുപയോഗിച്ച ഉളിയുടെയും അരത്തിന്റെയും ചുറ്റികയുടെയും ചിലമ്പിച്ച ശബ്ദം അങ്ങു വിദൂരതയിലെവിടെയോ നിന്ന് നമ്മുടെ കാതുകളില്‍ തെറിച്ചു വീഴുന്നതായിതോന്നും.
ദക്ഷിണേന്ത്യന്‍ ചരിത്രത്തിന്റെ ഏടുകളില്‍ വിജയനഗര സാമ്രാജ്യത്തിന്റെ പേരും പെരുമയും തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെട്ടത് ഈ കലാകാരന്മാരുടെ കൂടി പ്രയത്നഫലമായിട്ടാണ്. കല, വാസ്തുശില്പം, കൊത്തുപണി എന്നീ മേഖലകളില്‍ അവര്‍ നല്കിയ പ്രൗഢഗംഭീരമായ സംഭാവനകള്‍ക്ക് അതിലൊരു വലിയ പങ്കുവഹിക്കാനുണ്ട്. കാലം കാത്തു വച്ചതു പോലെ ബാക്കിയായ അവരുടെ നിര്മിതികളാണ്് ഇന്ന് ഹംപിയെ, അതിലൂടെ വിജയനഗര സാമ്രാജ്യത്തെ ഓര്‍ക്കാന്‍ നമ്മെ സഹായിക്കുന്നത്.
ഹംപി കാണണമെങ്കില്‍ നടന്നു കാണണം എന്നാണ്. അതനുസരിക്കും പോലെ രണ്ടു ദിവസം ഹംപിയിലൂടെ തലങ്ങും വിലങ്ങും അലഞ്ഞു നടന്നു. ഹംപി മുഴുവന്‍ കണ്ടു എന്നഹങ്കരമായിരുന്നു അപ്പോള്‍. പക്ഷേ, ചരിത്രമുറങ്ങുന്ന ആ മണ്ണില്‍ നിന്നു മടങ്ങുമ്പോള്‍ കാണാന്‍ കണ്ടതിലുമേറെ ബാക്കിയുണ്ടല്ലൊ എന്ന നിരാശ മനസിനെ വല്ലാതെ മഥിച്ചു. അപ്പോള്‍ തുംഗഭ ദ്ര നദിയില്‍ നിന്നും ഒഴുകിയെത്തിയ നേര്‍ത്ത തണുപ്പുള്ള കാറ്റ് സാന്ത്വനിപ്പിക്കും പോലെ വന്ന് തഴുകി തലോടി കടന്നുപോയി.