പോകാം കോട്ടൂരേക്ക്...

Published on: 3:26pm Wed 25 Oct 2017

kottoor

A- A A+

ആനപ്രേമിക്കായാണ് ഇന്നത്തെ യാത്ര. കോട്ടൂരേക്ക്. കോട്ടൂര്‍ ആന പരിപാലന പുനരധിവാസകേന്ദ്രത്തിലേക്ക്. 

മലയാളികളുടെ ആനക്കമ്പം പ്രശസ്തമാണ്. കേരളത്തിന്റെ മുദ്ര മുതല്‍ ഓരോ മലയാളിയുടെയും നെഞ്ചിലുണ്ട് ഒരു ആനക്കമ്പക്കാരന്‍. ആ ആനപ്രേമിക്കായാണ് ഇന്നത്തെ യാത്ര. കോട്ടൂരേക്ക്. കോട്ടൂര്‍ ആന പരിപാലന പുനരധിവാസകേന്ദ്രത്തിലേക്ക്. 

തിരുവനന്തപുരം നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ മാറി മലയന്‍കീഴ്-കാട്ടാക്കട റൂട്ടില് യാത്രാ ചെയ്താല്‍ കോട്ടൂരെത്താം. ഒരു ഇരുപത് കിലോമീറ്റര്‍ കഴിയുമ്പോള്‍ മുതല്‍ നഗരത്തിലെ തിരക്കും വലിയ കെട്ടിടങ്ങളുമെല്ലാം കണ്ണില്‍ നിന്ന് മറഞ്ഞു തുടങ്ങും. ചെറിയ ചായക്കടകളും കണ്ണാടി അലമാരക്കുള്ളിലെ ചൂട് പഴംപൊരിയും സുഖിയനുമെല്ലാം കണ്ണിനെ ആകര്‍ഷിക്കും. റബര്‍ കാടുകള്‍ക്കും വയലുകള്‍ക്കും ഇടയിലുള്ള ഒറ്റവരിപ്പാതയിലൂടെയുള്ള യാത്ര വല്ലാത്തൊരു കുളിര്‍മ്മ തന്നെയാണ് മനസ്സിന് നല്‍കുന്നത്. നഗരങ്ങളില്‍ നിന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന മുറുക്കാന്‍ കടകള്‍ കോട്ടൂരില്‍ വേണ്ടുവോളമുണ്ട്. സോഡാനാരങ്ങയില്‍ പഞ്ചസാര കലക്കുന്ന ശബ്ദവും നാരങ്ങാമിഠായി, ജോക്കര്‍ മിഠായി എന്നിവയുടെ കമനീയ ശേഖരവും ഏതൊരാളിലും ഗൃഹാതുരതയുണര്‍ത്തും. 

പ്രകൃതിഭംഗിയാസ്വാദിച്ച് ഗൃഹാതുരത നുണഞ്ഞ് കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിലെത്താം. അഗസ്ത്യാര്‍ വനനിരകളുടെ ഉള്ളിലായാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി കൂട്ടം തെറ്റിയും ഉടമകളില്‍ നിന്ന് പിടിച്ചുമായി കൊണ്ടുവരുന്ന ആനകളെയാണ് ഇവിടെ പരിചരിക്കുന്നത്. ഇരുപത് രൂപ ടിക്കറ്റെടുത്താല്‍ ഇവിടെ പ്രവേശിക്കാം. രണ്ട് മാസം മുതല്‍ എഴുപത് വയസ് വരെ പ്രായമുള്ള പതിനേഴ് ആനകളാണ് നിലവില്‍ ഇവിടെ ഉള്ളത്. 

രാവിലെ 9 നും പത്തിനുമിടയ്ക്കാണ് കോട്ടൂര്‍ കാപ്പുകാട് ആനക്കൊട്ടില്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതമായ സമയം. ഗജരാജന്‍മാര്‍ നെയ്യാറില്‍ കുളിച്ച് തിമിര്‍ക്കുന്ന കാഴ്ച ഈ സമയത്താണ് കാണാനാവുക. പാപ്പാന്‍മാര്‍ മക്കളെപ്പോലെ കൊഞ്ചിച്ചുകൊണ്ട് ഈ വലിയ കുഞ്ഞുങ്ങളെ കുളിപ്പിക്കുന്ന കാഴ്ച രസകരം തന്നെയാണ്. വെള്ളം കോരിയും ചെളിയില്‍ കളിച്ചും കുറുമ്പു കാണിക്കുന്ന പൊടിച്ചിക്കും (2 വയസ്) റാണയ്ക്കും (4 വയസ്) പാപ്പാന്‍മാരുടെ നല്ല കിഴുക്കും കിട്ടുന്നുണ്ട്. വിദേശ ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ ഒരുപാട് പേരെ കണ്ട സന്തോഷത്തില്‍ തുമ്പികൈയ്യിളക്കി കൂട്ടുകൂടാന്‍ എല്ലാവരെയും അടുത്തു വിളിക്കുന്നുണ്ടായിരുന്നു പൊടിച്ചി. സ്‌നേഹമൊക്കെ ഇപ്പോ കാണിക്കും തൊട്ടാല്‍ അവള്‍ നല്ല തട്ടു തരുമെന്ന് പാപ്പാന്‍ സുമോദ് പറയുന്നു. കുട്ടികളുടെ സമയം കഴിഞ്ഞപ്പോള്‍ സഹ്യപുത്രന്‍മാര്‍ ഓരോരുത്തരായി നീരാട്ടിനിറങ്ങിക്കൊണ്ടിരുന്നു. 

കുളികഴിഞ്ഞ് വരുന്നവര്‍ക്ക് ശര്‍ക്കരയും ചോറും മറ്റു ധാന്യങ്ങളും ചേര്‍ത്തുള്ള ആനച്ചോര്‍ തയ്യാറായിരുന്നു. അമ്മമാര്‍ മടിയിലിരുത്തി ഉരുള വാരിത്തരും പോലെ വേണ്ടെന്ന് പറഞ്ഞു മുഖം തിരിക്കുന്ന കൊമ്പന്‍മാര്‍ക്ക് ഉരുള വായില്‍ വച്ച് കൊടുക്കുന്നു. പ്രായത്തിനനുസരിച്ച് ഓരോ ആനയ്ക്കും പ്രത്യേക ഭക്ഷണ ചാര്‍ട്ടുണ്ട്. ഓരോ ദിവസം ഓരോ ധാന്യങ്ങള്‍, മരുന്നുകള്‍ എന്നിവ ചേര്‍ത്ത് സുഖ ഭക്ഷണം. മനുഷ്യന്റെയും പ്രകൃതിയുടെയും ക്രൂരതകള്‍ കൊണ്ട് ഒറ്റപ്പെട്ട് പോയ കുറച്ച് മൃഗങ്ങളുടെ ചെറിയ ചെറിയ സന്തോഷങ്ങളാണിതൊക്കെ.

ആനക്കൊട്ടിലിലെ പ്രധാന ആകര്‍ഷണം കുട്ടിയാനകളാണ്. മാസങ്ങള്‍ മാത്രം പ്രായമുള്ള ഇവരെ പ്രത്യേക പരിചരണത്തിനായി തുറസ്സായ സ്ഥലത്ത് ചെറിയ കാടു പോലെ കെട്ടി പാര്‍പ്പിച്ചിരിക്കുകയാണ്. കൂട്ടത്തില്‍ ഏറ്റവും കുറുമ്പുകാര്‍ ഇവരാണ്. ഒരു വലിയ പാല്‍ക്കുപ്പിയില്‍ കുഞ്ഞാനകള്‍ക്കുള്ള പാനീയം നല്‍കുന്ന പരിചാരകന് ചുറ്റും എനിക്ക് എനിക്കെന്നുള്ള രീതിയില്‍ ചുറ്റിനടക്കുന്നുണ്ട് കുഞ്ഞന്‍മാര്‍. ആള്‍ക്കാരെ കണ്ടപ്പോള്‍ അവര്‍ക്കൊപ്പം കളിക്കാനായി കൂടു തുറന്നു വരാന്‍ കാലും കയ്യും തട്ടുകയാണ് നാല് പേരും. കൂട്ടത്തില്‍ പ്രായം കുറഞ്ഞ അര്‍ജുനാണ് (4 മാസം) ഏറ്റവും കുറുമ്പെന്ന് പരിപാലകന്‍ പറയുന്നു. തന്നെ കണ്ടയുടന്‍ തുമ്പികൈ കൊണ്ട് കെട്ടിപ്പിടിച്ച് പോക്കറ്റിലുള്ള കാശെല്ലാമെടുക്കുകയാണവന്റെ പ്രധാന വിനോദമെന്നും അദ്ദേഹം പറയുന്നു. വിതുര ഭാഗത്തു നിന്ന് കൂട്ടം തെറ്റി ഒരു കുഴിയില്‍ വീണു കിടന്ന അര്‍ജുനനെ ഇവിടെയെത്തിച്ചിട്ട് കുറച്ച് നാളുകളെ ആയിട്ടുള്ളു. 

ആനകളല്ലാതെ ഇവിടുത്തെ മറ്റൊരു ആകര്‍ഷണം കെട്ടുവള്ളങ്ങളാണ്. ചങ്ങാടത്തില്‍ അഗസ്ത്യമലകളുടെ ഭംഗിയാസ്വദിച്ച് നെയ്യാറിലൂടെ ഒരു യാത്ര. കാടും സാഹസികതയും താത്പ്പര്യമുള്ളവര്‍ക്ക് ട്രക്കിംഗ് സംവിധാനവും ഇവിടെ ലഭ്യമാണ്. കാട്ടില്‍ നിന്നുള്ള തേന്‍, പുളി, പുല്‍ത്തൈലം എന്നിവ വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 

ഒരു ദിവസത്തെ യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് മറക്കാതെ പരിഗണിക്കാവുന്ന ഒരിടമാണ് കോട്ടൂര്‍. നെയ്യാര്‍ ഡാം മൂന്ന് കിലോമീറ്ററിനുള്ളിലായതിനാല്‍ അത് കൂട്ടത്തില്‍ ഉള്‍ക്കൊള്ളിക്കാം. തിരക്കുകള്‍ക്ക് അവധി കൊടുത്ത് ഒരു ദിവസം മാറ്റിവയ്ക്കാനായാല്‍ സഹ്യപുത്രന്‍മാര്‍ക്കൊപ്പം ഒരുദിനം ആസ്വദിച്ച് മടങ്ങാം. 

എങ്ങനെ എത്താം

തിരുവന്തപുരം റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 35 കിലോമീറ്ററാണ് കോട്ടൂരേക്കുള്ള ദൂരം. തമ്പാനൂരില്‍ നിന്ന് കോട്ടൂര്‍ ബസ് ലഭിക്കും. അല്ലെങ്കില്‍ കാട്ടാക്കടയില്‍ നിന്ന് കോട്ടൂര്‍ ബസില്‍ കയറിയാലും മതി. 

റൂട്ട് : വഴുതക്കാട്-ജഗതി-പൂജപ്പുര-തിരുമല-പേയാട്-കാട്ടാക്കട-കുറ്റിച്ചല്‍-കോട്ടൂര്‍
 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!