തോരാത്ത കണ്ണീരുമായി ഒരമ്മ...

Published on: 4:42pm Thu 26 Oct 2017

uday

A- A A+

2005 സെപ്റ്റംബറിലായിരുന്നു മോഷണക്കുറ്റം ആരോപിച്ചു ഉദയകുമാര്‍ എന്ന യുവാവിനെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് അയാളുടെ ചേതനയറ്റ ശരീരമാണ് അമ്മക്ക് കാണാനായത്

ഉദയകുമാറിനെ ഓര്‍മ്മയുണ്ടോ ? കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തമരണങ്ങളില്‍ ഒന്നായിരുന്നു ഉദയകുമാര്‍. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തെ മുഴുവന്‍ നൊമ്പരപ്പെടുത്തിയിരുന്നു ഉദയകുമാറിന്റെ നിശ്ചലമായ ശരീരം കണ്ടു വിലപിക്കുന്ന അമ്മയായ പ്രഭാവതിയുടെ മുഖം.

ഒരു വ്യാഴവട്ടത്തിനു ശേഷവും ആ മകന്റെ ഓര്‍മയില്‍ ജീവിക്കുകയാണ് ഈ 'അമ്മ. ഒരു രാത്രി മുഴുവന്‍ മകനെവിടെയാണ് എന്നറിയാതെ ഉണ്ണാതെ ഉറങ്ങാതെ ആ 'അമ്മ കാത്തിരുന്നു മകന്‍ വരുന്ന സൈക്കിള്‍ ബെല്‍ കേള്‍ക്കുവാന്‍. അവന്‍ വന്നില്ല . പിറ്റേന്ന് രാവിലെ ആരെല്ലാമോ ആ അമ്മയെ കൂട്ടിക്കൊണ്ടുപോയത് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കാണ് തന്റെ മുന്നിലേക്ക് വന്ന സ്ട്രെച്ചറും വെള്ളത്തുണിയില്‍ മൂടിയ മകന്റെ ശരീരവും 'അമ്മ ഞെട്ടലോടെ കണ്ടു. തുടയിലും ഉള്ളങ്കാലിലുമുള്ള മുറിവുകള്‍ തന്റെ മകന്‍ അനുഭവിച്ച നരകവേദന ആ അമ്മയ്ക്ക് കാട്ടിക്കൊടുത്തു. തന്റെ മകന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന നാലായിരം രൂപയ്ക്കു വേണ്ടി അവന്റെ ശരീരം ഇഞ്ചിഞ്ചായി നിശ്ചലമാക്കിയ ഓരോരുത്തര്‍ക്കും ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് പ്രഭാവതി.

2005 സെപ്റ്റംബറിലായിരുന്നു മോഷണക്കുറ്റം ആരോപിച്ചു ഉദയകുമാര്‍ എന്ന യുവാവിനെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് അയാളുടെ ചേതനയറ്റ ശരീരമാണ് ഈ അമ്മക്ക് കാണാനായത്. അതിക്രൂരമായ പീഡനത്തിനിരയായാണ് മരണം സംഭവിച്ചത് എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കി. കസ്റ്റഡിമരണമായതിനാല്‍ തേച്ചുമായ്ച്ചുകളയുവാന്‍ കഠിന ശ്രമങ്ങള്‍ നടന്നുവെങ്കിലും ജനകീയ പ്രക്ഷോഭങ്ങള്‍ കാരണം കേസ് സി.ബി.ഐക്കു വിടുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷവും  തീരാത്ത വിചാരണകള്‍ പക്ഷെ ഈ അമ്മയെ ഒട്ടും തളര്‍ത്തുന്നില്ല. തനിക്കല്ലാതെ മറ്റാര്‍ക്ക് കോടതി നീതി നല്‍കാനാണ് എന്നാണ് നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ പ്രഭാവതി ചോദിക്കുന്നത്. 

ഉദയകുമാറിന് മാസങ്ങള്‍ പ്രായമുള്ളപ്പോള്‍ തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയപ്പോള്‍ കുടുംബം പുലര്‍ത്തുവാന്‍ വളരെയേറെ കഷ്ടപ്പെട്ടു ഈ 'അമ്മ. വാര്‍ദ്ധക്യകാലത്തു തനിക്കു താങ്ങാകും എന്ന് കരുതിയ മകനെ പോലീസുകാര്‍ തല്ലിക്കൊന്നു എന്നത് ഇപ്പോഴും ഈ അമ്മക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. മകനെ ദാരുണമായി കൊലപ്പെടുത്തിയ നിയമപാലകര്‍ക്കെതിരെ തോരാത്ത കണ്ണുനീരുമായി ആ അമ്മ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി പോരാടുകയാണ്. നീതി കിട്ടിയിട്ടേ മരിക്കൂ എന്ന നിശ്ചയദാര്‍ഡ്യത്തോടെയുള്ള പോരാട്ടം.

ഒരു മക്കള്‍ക്കും ഇനി ഇതുപോലൊരു ഗതി വരരുത്. ഇനിയൊരമ്മയ്ക്കും എന്നെപ്പോലെ കരയേണ്ടി വരരുത്. - പ്രഭാവതി പറയുന്നു

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!