മഴത്തുള്ളി കിലുക്കങ്ങൾ നിലയ്ക്കാതിരിക്കട്ടെ...

Published on: 3:56pm Fri 30 Jun 2017

A- A A+

കടുത്ത വേനലിൽ വെള്ളമില്ലെന്ന് നിലവിളിച്ച നമുക്ക് മുന്നിൽ ആകാശത്തിൻ്റെ കിളിവാതിൽ തുറന്ന് മഴമേഘം പെയ്തിറങ്ങി. വരും തലമുറയ്ക്കു ദാഹം തീർക്കാനായി ആ നീർത്തുള്ളികളെ നമുക്ക് കാത്തു വയ്ക്കാം

കടുത്ത വേനലിനു ശേഷമാണ് ഭൂമിയുടെ വരണ്ട നാവിലേക്ക് മഴത്തുള്ളികള്‍ ഇറ്റു വീണത്. ജലം അമൂല്യമാണ്, അത് പാഴാക്കരുത് എന്ന് നാം പലതവണ ഹൃദിസ്ഥമാക്കിയ പാഠമാണ്. എന്നാല്‍ അത് വെറും പാഠമായിത്തന്നെ ഒതുങ്ങി. 

ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ വെള്ളവും വായും മലിനമാക്കി. നീരൊഴുക്കുകള്‍ മാലിന്യവാഹിനികളായി. മനസ്സിനെ കുളിര്‍പ്പിക്കുന്ന ശബ്ദവുമായി കുണുങ്ങി കുണുങ്ങി ഒഴുകിയിരുന്ന പുഴകളുടെ കൊഞ്ചല്‍ കേൾക്കാനില്ല. ചവറുകള്‍ക്കിടയിലൂടെ നീരൊഴുക്ക് കാണാന്‍ തന്നെ പ്രയാസമായി.

ആമയിഴഞ്ചാൻ തോടിൻ്റെ ഇന്നത്തെ അവസ്ഥ

വേനല്‍ കടുത്താല്‍ വെള്ളം താ സര്‍ക്കാരേ എന്നു വിളിക്കാനും മഴക്കാലമായാല്‍ മാലിന്യം നീക്കൂ, കൊതുകു തുരത്തൂ സര്‍ക്കാരേ എന്നു വിളിക്കാനും മാത്രമാണ് നമുക്ക് അറിയാവുന്നത്. അവനവൻ്റെ മാലിന്യം അവനവന്‍ തന്നെ നീക്കുമ്പോഴേ പരിസരം ശുചിയാകൂ. പണ്ട് നാട്ടിന്‍പുറത്തെ വീടുകളില്‍ കോഴിയും ആടും പശുവും നായയും എന്നു വേണ്ട ഒട്ടുമിക്ക ജന്തുക്കളെയും വളര്‍ത്തിയിരുന്നു. അടുക്കളയില്‍ മിച്ചം വരുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ അവ തിന്നു. വീട്ടു പരിസരത്ത് ഭക്ഷണാവശിഷ്ടം കുന്നുകൂടിക്കിടന്ന് മാലിന്യമുണ്ടായില്ല. പശുവിൻ്റെ ചാണകവും മൂത്രവും നല്ല ഒന്നാന്തരം വളവുമായി. 

ഇന്നോ? വീട്ടിലെ മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി റോഡുവക്കില്‍ തള്ളി. കക്കൂസ് മാലിന്യം അടുത്തുള്ള തോടിലോ പുഴയിലോ ഒഴുക്കി. മഴയായാല്‍ രോഗം. വെയിലായാല്‍ ദുരിതം. ഇതിനൊക്കെ കാരണക്കാര്‍ നമ്മള്‍ തന്നെയല്ലേ?

അഞ്ചു സെൻ്റില്‍ ഒരു വീടു മാത്രമേ ഉള്ളൂ. ചപ്പുചവറുകള്‍ കത്തിക്കാന്‍ പോലും സ്ഥലമില്ല എന്നു പറഞ്ഞ് കൈ മലര്‍ത്തുന്നവര്‍ക്ക് മാലിന്യം കളയാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങളുണ്ട്. ഒരു പൂച്ചയോ പട്ടിയോ ഉണ്ടെങ്കില്‍ ഭക്ഷ്യാവശിഷ്ടങ്ങള്‍ അവര്‍ തിന്നു തീര്‍ക്കും. മറ്റ് ചപ്പുചവറുകള്‍ കത്തിച്ചു കളയുന്നതിന് തകരപ്പാത്രമോ ഉപയോഗ ശൂന്യമായ ബക്കറ്റോ എടുത്താല്‍ മതി. അതില്‍ ചകിരിയോ തൊണ്ടോ ഒക്കെ ഇട്ട് കത്തിക്കാം. വൈകുന്നേരങ്ങളില്‍ ഇങ്ങനെ പുകയ്ക്കുന്നത് കൊതുകില്‍ നിന്നു രക്ഷ നേടാനും സാധിക്കും. ഭക്ഷണാവശിഷ്ടങ്ങള്‍ റോഡരികില്‍ തള്ളേണ്ടിയും വരില്ല.

മഴവെള്ളം സംഭരിക്കാന്‍ മഴവെള്ള സംഭരണി സ്ഥലമുള്ളവര്‍ക്ക് ഒരുക്കാം. ഇല്ലാത്തവര്‍ക്കും പരിഹാരമുണ്ട്. ടെറസില്‍ നിന്നു ലഭിക്കുന്ന വെള്ളം പാഴാക്കാതെ കിണറിലേക്ക് എത്താനുള്ള സംവിധാനം ചെയ്താലും മതി. സ്ഥലമുള്ളവര്‍ക്ക് മഴക്കുഴികള്‍ നിര്‍മ്മിച്ച് മഴവെള്ളത്തിന് ഭൂമിയില്‍ തങ്ങി നില്‍ക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കാം. ധാരാളം വൃക്ഷത്തൈകള്‍ വച്ച് പിടിപ്പിച്ച് ഭൂമിക്ക് പച്ച കുടയൊരുക്കാം. 

മഴക്കുഴി

കഴിഞ്ഞ വേനല്‍ താങ്ങാനാകാതെ തളര്‍ന്നുപോയവരാണ് നമ്മള്‍. കടുത്ത വേനലിൽ വെള്ളമില്ലെന്ന് നിലവിളിച്ച നമുക്ക് മുന്നിൽ ആകാശത്തിൻ്റെ കിളിവാതിൽ തുറന്ന് മഴമേഘം പെയ്തിറങ്ങി. ഇനി വരുന്നത് ഇതിലും കഠിനമായ വേനലാകാം. കുളങ്ങളും തോടും പുഴയുമൊന്നും മലിനമാക്കാതെ അവയ്ക്ക് സംരക്ഷണമേകാം. ജലം അല്‍പം പോലും പാഴാക്കാതെ സംരക്ഷിക്കാം. വരുന്ന തലമുറയെ കുപ്പിവെള്ളം കൊണ്ട് തൃപ്തിപ്പെടുത്താതെ കുളിരാകുവോളം ശുദ്ധജലം നുകരാന്‍ അവസരമൊരുക്കാം. അവർക്ക് ദാഹം തീർക്കാനായി ആ നീർത്തുള്ളികളെ നമുക്ക് കാത്തു വയ്ക്കാം.   നമുക്കൊരുമിച്ച് കൈകോര്‍ക്കാം. 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!